Ram Gopal Varma: ‘നായ ഭീഷണി ആംഡബര വില്ലകളില്‍ ഇല്ല, അത് തെരുവിലാണ്; ഇന്‍സ്റ്റാ ഫോട്ടോയേക്കാള്‍ കുറവാണോ മനുഷ്യജീവന്റെ വില?’
നായ്ക്കളെ സ്നേഹിക്കുന്നെങ്കില്‍ ദത്തെടുത്ത് വളര്‍ത്തണമെന്നും പാവപ്പെട്ടവരുടെ ജീവനും വിലയുണ്ടെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Ram Gopal Varma (1)
തെരുവുനായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ ഡല്‍ഹി ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്ത് എത്തിയത്. തെരുവുനായകൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂര്‍, വരുണ്‍ ധവാന്‍ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടി സദ ഇക്കാര്യം സംസാരിക്കുന്നതിനിടയില്‍ കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഇവരെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാല്‍ വര്‍മ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടപ്പോൾ നായ സ്നേഹികളുടെ കരുണ എവിടെയായിരുന്നുവെന്നാണ് രാം ഗോപാൽ വർമ ചോദിക്കുന്നത്. നായ ഭീഷണി നിങ്ങളുടെ ആംഡബര വില്ലകളില്‍ ഇല്ലെന്നും അത് തെരുവുകളിലും ചേരി പ്രദേശങ്ങളിലുമാണെന്നാണ് അദ്ദേഹം പറയുന്നത്. നായ്ക്കളെ സ്നേഹിക്കുന്നെങ്കില്‍ ദത്തെടുത്ത് വളര്‍ത്തണമെന്നും പാവപ്പെട്ടവരുടെ ജീവനും വിലയുണ്ടെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു.
Also Read:റെന ഫാത്തിമയ്ക്ക് സംസ്‌കാരമില്ല, 2 കെ കിഡ്‌സിന്റെ നിലവാരം കാണിക്കുന്നു; വിമര്‍ശനം
സുപ്രീം കോടതിയുടെ തീരുമാനത്തില്‍ അസ്വസ്ഥരായ നായ സ്‌നേഹികളെ അഭിസംബോധന ചെയ്താണ് സംവിധായകൻ കുറിപ്പ് പങ്കുവച്ചത്. ഒരോ വർഷവും ആയിരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഒരു നാല് വയസുകാരൻ പട്ടാപകൽ തെരുവിൽ വച്ച് കൊല്ലപ്പെട്ടപ്പോൾ ഇവര്‍ എവിടെയായിരുന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വാലാട്ടുന്നവർക്ക് മാത്രമാണോ കരുണ, മരിച്ച കുട്ടിയോട് അത് ബാധകമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. നായകളെ സ്നേഹിക്കുന്നതിൽ തെറ്റില്ല. താനും അവരെ സ്നേഹിക്കുന്നു. എന്നാല്‍, വീടുകളിലും ബംഗ്ലാവുകളിൽ സ്നേഹിച്ചുകൊള്ളൂ.
HERE are some FANTASIC SOLUTIONS for DOG LOVERS regarding their Mmmmuuuaahhh for STREET DOGS
1.Why don’t you adopt all the poor people and bring them into your homes and leave the streets for the dogs?
2.If dogs are like your family, then why not marry your Labradors, Huskies…— Ram Gopal Varma (@RGVzoomin) August 16, 2025
‘നായകളെ കൊല്ലരുത്’ എന്ന് പറയുന്ന നായ പ്രേമികള്‍ക്ക് അവയെ ദത്തെടുത്തുകൂടേയെന്നാണ് രാം ഗോപാൽ വർമ ചോദിക്കുന്നത്. എന്നാൽ അവ താഴ്ന്ന ഇനത്തില്‍പ്പെട്ടതും, വൃത്തികെട്ടതും, രോഗബാധിതവുമായതിനാലാണോ നിങ്ങള്‍ ദത്തെടുക്കാന്‍ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചെരിപ്പില്ലാതെ കളിക്കുന്ന കുട്ടികളുള്ള വഴികളില്‍ നായ്ക്കൾ അലഞ്ഞു തിരിയുന്നുവെന്നും അവരെ സംരക്ഷിക്കാന്‍ അവിടെ വേലികളും ഗേറ്റുകളും ഇല്ലെന്നും രാംഗോപാല്‍ വര്‍മ കുറിച്ചു. പെഡിഗ്രി വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളേക്കാള്‍ കുറവാണോ മനുഷ്യരുടെ ജീവന്റെ വിലയെന്നും അദ്ദേഹം ചോദിച്ചു.
എക്സിൽ പങ്കുവച്ച കുറിപ്പിൽ നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന വീഡിയോകള്‍ കൈയിലുണ്ടെങ്കില്‍ തനിക്ക് അയച്ചുതരാന്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു. കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് എത്തുന്നത്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ കൃത്യമാണെന്നും നായപ്രേമികള്‍ ഇതെല്ലാം കണ്ണ് തുറന്ന് കാണണമെന്നും ആളുകള്‍ കുറിച്ചു.