Ranbir Kapoor: നരേന്ദ്രമോദി ഷാരൂഖ് ഖാനെ പോലെ; ആരാധന തുറന്നു പറഞ്ഞ് രൺബീർ
Ranbir Kapoor About Narendra Modi: കാന്തം പോലെ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വമാണ് നരേന്ദ്രമോദിക്ക്. ഷാരൂഖ് ഖാനുള്ള ഒരു സ്വഭാവഗുണം മോദിയിലും കാണാൻ കഴിഞ്ഞെന്നു രൺബീർ കപൂർ.

അടുത്തിടെ നിഖിൽ കാമത്തിനൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിലാണ് രൺബീർ കപൂർ തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞത്. രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാടെന്തെന്ന നിഖിലിന്റെ ചോദ്യത്തിന് “ഞാൻ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാറില്ല, പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ വളരെയധികം ആരാധിക്കുന്നു” എന്നായിരുന്നു രൺബീറിന്റെ മറുപടി.
“നാലഞ്ചു വർഷങ്ങൾക്കു മുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ഒരുമിച്ചു പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ നിങ്ങൾ ടിവിയിൽ കണ്ടുകാണും, സംസാരിക്കുന്നതും കേട്ടുകാണും. അദ്ദേഹം വലിയൊരു പ്രാസംഗികൻ ആണ്. ആരെയും കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്. അദ്ദേഹം ഞങ്ങൾ ഓരോരുത്തരോടും അടുത്തുവന്നു പ്രത്യേകം സംസാരിച്ചു” രൺബീർ പറഞ്ഞു.
“എന്റെ അച്ഛൻ ആ സമയത്തു ചികിത്സയിലായിരുന്നു. അച്ഛന്റെ ചികിത്സയെയും ആരോഗ്യത്തെയും കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ആലിയയോടും, വിക്കി കൗശലിനോടും, കരൺ ജോഹറിനോടുമെല്ലാം അദ്ദേഹം വിവരങ്ങൾ തിരക്കി. പല മഹാന്മാരിലും ഞാൻ ഈ സ്വഭാവഗുണം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് അത് ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു, എന്നിട്ടും അദ്ദേഹം ചെയ്തു. ഇതുപോലൊരാളാണ് ഷാരൂഖ് ഖാൻ . ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ട്” എന്നും രൺബീർ കൂട്ടി ചേർത്തു.
READ MORE: മോഹന്‍ലാല്‍ ചെയ്ത ആ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ഇപ്പോള്‍ ഫഹദിന് മാത്രമേ ഉള്ളു: സിബി മലയില്‍
നിഖിൽ കാമത്തും പ്രധാനമന്ത്രിയെ കുറിച്ചുള്ള ഒരു കഥ പങ്കുവെച്ചു. “ഒന്ന് രണ്ടു പരിപാടികളിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഞങ്ങൾ യുഎസിലായിരുന്നപ്പോൾ അദ്ദേഹം രാവിലെ 8 മണിക്ക് ഞങ്ങളുമായും ഏതാനും അമേരിക്കൻ വ്യവസായികളായും ഒരു ചർച്ച വേളയിൽ പങ്കെടുത്തു. ശേഷം 11 മണിക്ക് മറ്റെവിടെയോ പ്രസംഗിക്കാൻ പോയി. 1 മണിയാവുമ്പോൾ ഉപരാഷ്ട്രപതിയുമായി സംസാരിച്ചു. അതുകഴിഞ്ഞു 4 മണിയാവുമ്പോൾ എന്തെങ്കിലും പരിപാടി, 8 മണിക്ക് മറ്റൊന്ന്, 11 മണിക്ക് വേറൊന്ന്. 8 മണിയാവുമ്പോഴേക്കും ഞാൻ തളർന്നു, രണ്ടു ദിവസം വയ്യാതെ കിടന്നു. പക്ഷെ അദ്ദേഹം അടുത്ത ദിവസം ഈജിപ്തിലേക്ക് പോവാൻ ഒരുങ്ങുന്നു, ഈ കാര്യങ്ങളൊക്കെ ഇനി അവിടെ പോയി ആവർത്തിക്കും. ഈ പ്രായത്തിലും അദ്ദേഹം വളരെ ഊർജസ്വലനാണ്. അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഒരുപാട് പഠിക്കാനുണ്ട്” എന്ന് നിഖിൽ അഭിപ്രായപ്പെട്ടു.