Samyuktha Varma: ‘അമ്മ നമ്മളെ കൊല്ലുമോയെന്ന് ദക്ഷ് ചോദിച്ചു, അന്ന് കുറേ കരഞ്ഞു’: ദേഷ്യം നിയന്ത്രിക്കാനുള്ള കാരണം വെളിപ്പെടുത്തി സംയുക്ത വർമ്മ
Samyuktha Varma About Her Anger Issues: അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ പ്രശ്നം മുൻകോപമായിരുന്നു എന്ന് സംയുക്ത വെളിപ്പെടുത്തിയിരുന്നു. തന്റെ ദേഷ്യം മാറ്റിയെടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും നടി അതിൽ പറയുന്നുണ്ട്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി സംയുക്ത വർമ്മ. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടി ചുരുങ്ങി സമയം കൊണ്ടുതന്നെ ശ്രദ്ധ നേടി. എന്നാൽ, നടൻ ബിജു മേനോനെ വിവാഹം ചെയ്തതിന് ശേഷം നടി സിനിമ വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും യോഗയിലും മകന്റെ കാര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ പ്രശ്നം മുൻകോപമായിരുന്നു എന്ന് സംയുക്ത വെളിപ്പെടുത്തിയിരുന്നു. തന്റെ ദേഷ്യം മാറ്റിയെടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും നടി അതിൽ പറയുന്നുണ്ട്. ഒരിക്കൽ ബിജു മേനോനുമായി വഴക്കിടുന്നതിനിടെ താൻ എന്തൊക്കെയോ എടുത്ത് എറിഞ്ഞുവെന്നും, അപ്പോൾ മകൻ വന്ന് ‘അച്ഛാ അമ്മ നമ്മളെ കൊല്ലുമോ’ എന്ന് ചോദിച്ചതായും സംയുക്ത പറയുന്നു. ഇത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും, പിന്നീട് ബാത്‌റൂമിൽ പോയി കുറേ പറഞ്ഞുവെന്നും നടി പറഞ്ഞു. ഇതോടെയാണ് ദേഷ്യം മാറ്റാൻ തീരുമാനിച്ചതെന്നും സംയുക്ത കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
“ഒരിക്കൽ ബിജുവേട്ടനും മോനുമൊപ്പം വിദേശത്ത് യാത്ര ചെയ്തപ്പോഴാണ് ഞാൻ അവസാനമായി ദേഷ്യപ്പെട്ടത്. അന്ന് ദക്ഷ് (മകൻ) വളരെ കുഞ്ഞായിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു. അന്ന് ഉച്ചഭക്ഷണം പുറത്ത് നിന്ന് കഴിക്കാമെന്ന് പറഞ്ഞിട്ട് ബിജുവേട്ടൻ രാവിലെ പുറത്തേയ്ക്ക് പോയി. ഉടനെ വരാമെന്ന് പറഞ്ഞു. ഉച്ചയായപ്പോൾ ഞാൻ റെഡിയായി ഇരുന്നു. പക്ഷെ വൈകിയിട്ടും ആളെ കാണുന്നില്ല. ഇതോടെ മോനെ ഞാൻ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കൊണ്ട് പോയി ഭക്ഷണം കൊടുത്തു. തിരിച്ചു വന്നു. വൈകിയിട്ടും ബിജുവേട്ടൻ എത്തിയില്ല.
അവസാനം രാത്രി ഏറെ വൈകിയിട്ടും ആളെ കാണാതായതോടെ ഞാൻ മോനെ ഭക്ഷണം കൊടുത്തു ഉറക്കി. അറിയാത്ത സ്ഥലമായത് കൊണ്ട് നല്ല ടെൻഷനായിരുന്നു. ഏകദേശം പുലർച്ചെ മൂന്ന് മണിയായപ്പോൾ ഒരു കോഫി കുടിക്കാമെന്ന് കരുതി താഴേയ്ക്ക് പോയപ്പോൾ ചിരിച്ച് സന്തോഷത്തോടെ ബിജുവേട്ടൻ കയറി വരുന്നു. എന്നിട്ട് എന്നോട് എന്താ ഈ നേരത്ത് ഇവിടെ എന്നൊരു ചോദ്യവും. അവിടെ നിന്ന് റൂമിൽ എത്തിയതിന് പിന്നാലെ ഞാൻ എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊക്കെയോ എടുത്ത് എറിഞ്ഞു. ശബ്ദം കേട്ട് മോൻ ഉണർന്നു. എന്നിട്ട് ബിജുവേട്ടനോട് ‘അച്ഛാ അമ്മ നമ്മളെ കൊല്ലുമോ’ എന്നൊരു ചോദ്യം.
ഞാൻ ദേഷ്യത്തിൽ നിൽക്കുന്നത് കണ്ട് മോൻ പേടിച്ചു. അതിനിടെ “ഇല്ലെടാ, കൊല്ലുമെന്ന് തോന്നുന്നില്ല” എന്ന് ബിജുവേട്ടനും മറുപടി പറഞ്ഞു. അത് എന്നെ ചിരിപ്പിച്ചു. കരയണോ ചിരിക്കണോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. പിന്നെ ഞാൻ ബാത്ത് റൂമിൽ പോയി നിന്ന് കുറേ കരഞ്ഞു. ഇനി ഒരിക്കലും ഇങ്ങനെ ദേഷ്യം വരാൻ പാടില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. യോഗയ്ക്കും തന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിൽ വലിയ പങ്കുണ്ട്” സംയുക്ത പറഞ്ഞു.