Sandra Thomas: സാന്ദ്ര തോമസിനെതിരായ വധഭീഷണി; നടപടിയെടുത്ത് ഫെഫ്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു
Sandra Thomas Receives Death Threat: സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനം മൂലമാണ് പോലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതെന്നും സാന്ദ്ര ആരോപിച്ചു.

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തിൽ നടപടിയെടുത്ത് സിനിമ സംഘടനയായ ഫെഫ്ക. സംഭവത്തെ തുടർന്ന് ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫെഫ്കയുടെ ജനറൽ സെക്രട്ടറി ഷിബു ജി സുശീലനാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. മാർച്ച് മാസത്തിൽ സന്ദേശം ഗ്രൂപ്പിൽ പങ്കുവെച്ച സമയത്ത് തന്നെ റെനിയെ താക്കീത് ചെയ്തിരുന്നതായും സംഘടന അറിയിച്ചു.
തനിക്കെതിരെ ഉണ്ടായ വധഭീഷണി സന്ദേശത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് സാന്ദ്ര തോമസ് പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനം മൂലമാണ് പോലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതെന്നും സാന്ദ്ര ആരോപിച്ചിരുന്നു. ഡിജിപിക്ക് പരാതി നൽകുമെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സാന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ ഒരു ഓൺലൈൻ ചാനലിലൂടെ സാന്ദ്ര വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെനി ജോസഫ് ആദ്യമായി സാന്ദ്രയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതേ തുടർന്ന് സാന്ദ്ര കമ്മീഷണർക്ക് പരാതി നൽകി. അതിന് ശേഷമാണ് 400 അംഗങ്ങളുള്ള ഫെഫ്കയുടെ വാട്സാപ്പ് ഗ്രൂപ്പിൽ റെനി ജോസഫ് സന്ദേശമിടുന്നത്. അതിൽ സാന്ദ്രയുടെ അച്ഛനെതിരെയും റെനി അസഭ്യ പ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നു.
ALSO READ: ‘കൂടുതൽ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടിൽ കളയും’: സാന്ദ്ര തോമസിനെതിരെ വധഭീഷണി
തല്ലിക്കൊന്ന് കാട്ടിലെറിയും, സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലും തുടങ്ങിയ ഭീഷണികൾ സന്ദേശത്തിൽ ഉണ്ട്. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് പോകാത്തതിന് പിന്നിൽ ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനമാകാമെന്നും സാന്ദ്ര പറയുന്നു. ഡിജിപ്പിക്കും വിജിലൻസിനും പരാതി നൽകുമെന്നും കോടതിയിലാണ് പ്രതീക്ഷയെന്നും സാന്ദ്ര അറിയിച്ചു.