AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyan Anthikkad: ‘അന്ന് അയാൾ പറഞ്ഞ തെറിയുടെ കാൽഭാഗം പോലും മാമുക്കോയ പറഞ്ഞില്ല’; ശ്രീനി മുഴുവൻ കേട്ടെന്ന് സത്യൻ അന്തിക്കാട്

Sathyan Anthikkad About Thalayanamanthram Movie: തലയണ മന്ത്രം സിനിമയിൽ ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കുന്ന സീൻ അദ്ദേഹത്തിന് സംഭവിച്ചതെന്ന് സത്യൻ അന്തിക്കാട്. അന്ന് ആശാൻ പറഞ്ഞതിൻ്റെ കാൽ ഭാഗം തെറി പോലും മാമുക്കോയ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Sathyan Anthikkad: ‘അന്ന് അയാൾ പറഞ്ഞ തെറിയുടെ കാൽഭാഗം പോലും മാമുക്കോയ പറഞ്ഞില്ല’; ശ്രീനി മുഴുവൻ കേട്ടെന്ന് സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട്, തലയണ മന്ത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Apr 2025 10:41 AM

തലയണ മന്ത്രം സിനിമയിലെ കാർ പഠിപ്പിക്കുന്ന സീൻ ശ്രീനിവാസന് സംഭവിച്ചതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മദ്രാസിലായിരിക്കെ ശ്രീനിവാസൻ ഡ്രൈവിങ് പഠിക്കാൻ ശ്രമിച്ചെന്നും അന്ന് തമിഴനായിരുന്ന ആശാൻ പറഞ്ഞതിൻ്റെ കാൽ ഭാഗം തെറി പോലും മാമുക്കോയ സിനിമയിൽ പറഞ്ഞില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ലബ് എഫ് എമിനോടായിരുന്നു സത്യൻ അന്തിക്കാടിൻ്റെ പ്രതികരണം.

“അത് റിയലായിട്ടുള്ള സംഭവമാണ്. ഞാനും ശ്രീനിവാസനും ഡ്രൈവിങ് പഠിച്ചത് മദ്രാസിൽ വച്ചിട്ടാണ്. നാടോടിക്കാറ്റൊക്കെ കഴിഞ്ഞ സമയമാണ്. ശ്രീനിവാസനെ എല്ലാവരും തിരിച്ചറിയും. മലയാളികൾ ഇല്ലാത്ത ഏതെങ്കിലും ഡ്രൈവിങ് സ്കൂളിൽ പഠിക്കണം. കാരണം, മലയാളികൾ കാണുന്നത് ഒരു ചമ്മലല്ലേ. നാരായണൻ നാഗലശ്ശേരി എന്നൊരു ആളാണ് അന്ന് ഞങ്ങളുടെ മാനേജർ. പുള്ളി കൊണ്ട് ഒരു സ്ഥലത്ത് പരിചയപ്പെടുത്തി. തമിഴന്മാരുടെ ഡ്രൈവിങ് സ്കൂളാണ്. ബാലാജി ഡ്രൈവിങ് സ്കൂൾ എന്നോ മറ്റോ ആണ് പേര്. ആറ് ദിവസം പഠിച്ചു. രാവിലെ എഴുന്നേറ്റ് പോകും. അവരുടെ വിചാരം, ഞങ്ങൾ മദ്രാസിൽ ഡ്രൈവർമാരായി ജോലിക്ക് വരുന്ന രണ്ട് മലയാളികൾ ആണെന്നാണ്. കണ്ടാലും അങ്ങനെയേ തോന്നൂ. അന്ന് സ്റ്റാറായി ശ്രീനിവാസനും അറിയപ്പെടുന്ന സംവിധായകനായി ഞാനും മാറിയിട്ടില്ല.”- സത്യൻ അന്തിക്കാട് പറഞ്ഞു.

Also Read: Tharun Moorthy: ‘അതറിയില്ലെ? ഞാൻ ഓർത്തു നിങ്ങൾ അതറിഞ്ഞിട്ടാണ് ഇട്ടതെന്ന്’; കാറിന്റെ നമ്പറിനെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ

“അങ്ങനെ ഒരു ദിവസം ശ്രീനിവാസൻ്റെ കയ്യിൽ ആദ്യം വണ്ടികൊടുത്ത ദിവസം. ഫസ്റ്റ് ഡേ. ആറ് പേരുണ്ട്. ഞാനും ശ്രീനിവാസനും കൂടാതെ വേറെ നാല് തമിഴ് പിള്ളേർ ഡ്രൈവിങ് പഠിക്കാൻ ഇരിക്കുന്നുണ്ട്. വണ്ടി പോസ്റ്റിൽ കൊണ്ട് ഇടിക്കുമായിരുന്നു. അപ്പോൾ ആശാൻ ബ്രേക്ക് ചവിട്ടി. എന്നിട്ട് അയാൾ പറഞ്ഞ തെറിയുടെ കാൽ ഭാഗം പോലും മാമുക്കോയ പറയുന്നില്ല. ശ്രീനി ഇതെല്ലാം മിണ്ടാതെ ഇരുന്ന് കേട്ടു. ഇറങ്ങിയിട്ട് ആദ്യത്തെ ഡയലോഗ്, ഈ നടന്നത് നമ്മൾ രണ്ട് പേരും മാത്രമേ അറിഞ്ഞിട്ടുള്ളൂ. പുറത്താരും അറിയരുത്. ഞാൻ പറഞ്ഞു, ‘ആരും അറിയില്ല’. എന്നിട്ട് ഞാൻ ഉടൻ തന്നെ മോഹൻലാലിനെയൊക്കെ വിളിച്ച് അറിയിച്ചു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

1990ൽ ശ്രീനിവാസനും ഉർവശിയും പ്രധാന കഥാപാത്രങ്ങളായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് തലയണമന്ത്രം.