Sayanora: ‘നന്നായി ഡാൻസ് കളിക്കുമായിരുന്നു, നിറവും രൂപവും കാരണം ടീമിലെടുത്തില്ല’; പിന്നെ ഭരതനാട്യം കളിച്ചിട്ടില്ലെന്ന് സയനോര
Sayanora About Bodyshaming: സ്കൂൾ പഠനകാലത്ത് തനിക്ക് ബോഡിഷെയിമിങ് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സയനോര. അതുകൊണ്ട് താൻ പിന്നീട് ഭരതനാട്യം കളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
സ്കൂൾ പഠനകാലത്ത് താൻ ബോഡിഷെയിമിങ് നേരിട്ടിട്ടുണ്ടെന്ന് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സയനോര. താൻ നന്നായി ഡാൻസ് കളിക്കുമായിരുന്നു എന്നും നിറവും രൂപവും കാരണം സ്കൂൾ ടീമിലെടുത്തില്ലെന്നും സയനോര പറഞ്ഞു. അതുകൊണ്ട് താൻ പിന്നീട് ഭരതനാട്യം കളിച്ചിട്ടില്ലെന്നും സയനോര വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“സ്കൂളിൽ പഠിക്കുന്ന സമയത്ത് ഭരതനാട്യം പഠിച്ചിരുന്നു. നന്നായി ഡാൻസ് ചെയ്യുമായിരുന്നെങ്കിലും നിറവും രൂപവും കാരണം ടീമിലെടുത്തില്ല. ആ ട്രോമ ഒരുപാട് വർഷമുണ്ടായിരുന്നു. അതിന് ശേഷം ഭരതനാട്യം കളിച്ചിട്ടുമില്ല. ഇത്തരം വേദന അറിയാവുന്നതിനാലാണ് ചുറ്റുമുള്ള മോശം കാര്യങ്ങൾ കേൾക്കാൻ മനസ് വന്നത്. പഴയ കണ്ണൂരുകാരി പെൺകുട്ടിയിൽ നിന്ന് ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യം സ്വയം അംഗീകരിക്കണം. അതാണ് ഏറ്റവും പ്രധാനം. ബോഡി ഷെയ്മിങിനിടയിലൂടെയാണ് നമ്മൾ നടക്കുന്നത്. അങ്ങനെ വെടിവെച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കും വെടിയേൽക്കും. പക്ഷേ, എഴുന്നേറ്റ് നടക്കണം. അതിലാണ് വിജയം. അത് കണ്ട് ഒരാളെങ്കിലും മാറിയാൽ അതല്ലേ വിജയം.”- സയനോര പറയുന്നു.
Also Read: Kalamkaval Movie : അടുത്ത വർഷം വരെ കാത്തിരിക്കേണ്ട! മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു
ഗായികയായാണ് സയനോര തുടങ്ങിയതെങ്കിലും പിന്നീട് അഭിനേത്രി ആയും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി. 2004ൽ വെട്ടം എന്ന സിനിമയിലൂടെ പിന്നണി ഗായികയായി തുടങ്ങിയ സയനോര പിന്നീട് മലയാളം, തമിഴ് ഭാഷകളിൽ പാടി. 2018ൽ ഹേയ് ജ്യൂഡ് എന്ന സിനിമയിൽ തൃഷയ്ക്ക് വേണ്ടിയാണ് ആദ്യം ഡബ് ചെയ്തത്. ബറോസ് എന്ന സിനിമയിൽ ജോഷ്വ ഒകെസലകോയ്ക്ക് ഡബ് ചെയ്തതിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സയനോരയ്ക്ക് ലഭിച്ചു. രണ്ട് സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. വണ്ടർ വുമൺ, ഒരു ജാതി ജാതകം എന്നീ സിനിമകളിൽ സയനോര അഭിനയിച്ചിട്ടുണ്ട്.