Seema G Nair: ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്മമായാണ് നാടകനടിമാരെ അവർ കണക്കാക്കിയിട്ടുള്ളത്, നേരിട്ട് അനുഭവിച്ചിട്ടുണ്ട്’; സീമ ജി നായർ
Seema G Nair About Her Theatre Days: അമ്പലങ്ങളുടെ സമീപമുള്ള വീട്ടിലെ സ്ത്രീകൾ നാടകനടിമാരെ വീട്ടിൽ കയറ്റാൻ സമ്മതിക്കാറില്ലെന്ന് സീമ ജി നായർ പറയുന്നു. ലോകത്തിലെ ഏറ്റവും മോശം ജന്മങ്ങളായാണ് നാടകനടിമാരെക്കുറിച്ച് അവർ ചിന്തിച്ച് വെച്ചിട്ടുള്ളതെന്നും നടി കൂട്ടിച്ചേർത്തു.
നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ നടിമാരിൽ ഒരാളാണ് സീമ ജി. നായർ. 1984ൽ പുറത്തിറങ്ങിയ ‘പാവം ക്രൂരൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന സീമ, പിന്നീട് 100ലധികം സിനിമകളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്തു. ടെലിവിഷൻ രംഗത്തും നടി സജീവമാണ്. ഇപ്പോഴിതാ, നാടകങ്ങൾക്ക് പോകുമ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സീമ.
അമ്പലങ്ങളുടെ സമീപമുള്ള വീട്ടിലെ സ്ത്രീകൾ നാടകനടിമാരെ വീട്ടിൽ കയറ്റാൻ സമ്മതിക്കാറില്ലെന്ന് സീമ ജി നായർ പറയുന്നു. അമ്പലക്കമ്മിറ്റിക്കാർ പോയി സംസാരിച്ചാലും അവർ സമ്മതിക്കാറില്ലെന്നും, ലോകത്തിലെ ഏറ്റവും മോശം ജന്മങ്ങളായാണ് നാടകനടിമാരെക്കുറിച്ച് അവർ ചിന്തിച്ച് വെച്ചിട്ടുള്ളതെന്നും സീമ പറഞ്ഞു. ഇതുവരെയുള്ള നാടകജീവിതത്തിനിടയിൽ വളരെ ചുരുക്കും വീട്ടുകാർ മാത്രമേ താനടക്കമുള്ള നാടകനടിമാരോട് സ്‌നേഹത്തിൽ പെരുമാറിയിട്ടുള്ളൂവെന്നും നടി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സീമ ജി നായർ.
“അമ്പലത്തിന്റെ സമീപത്തുള്ള വീടുകളിലെ സ്ത്രീകൾ നാടകനടിമാരെ ഒരിക്കലും അടുപ്പിക്കാറില്ല. ഞാൻ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ള ഒരു കാര്യമാണിത്. അവർ വീടിന്റെ ഉള്ളിലേക്ക് നാടകനടിമാരെ കയറ്റാറില്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്മമായിട്ടാണ് നാടകത്തിലെ സ്ത്രീകളെ അവർ കണക്കാക്കിയിട്ടുള്ളത്. ആ വീട്ടിലെ ആണുങ്ങൾ സമ്മതിച്ചാൾ പോലും, അവിടെ കുറച്ച് നേരം സമയം ചെലവഴിക്കുക എന്നത് വലിയ പ്രയാസകരമായ കാര്യമാണ്.
പരിപാടി ആരംഭിക്കാൻ രണ്ട് മണിക്കൂറൊക്കെ ബാക്കിയുള്ള സമയത്താണ് നമ്മൾ അമ്പലത്തിലെത്തുന്നത്. അവിടെ എത്തിയാൽ പിന്നെ എവിടെയെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാൽ മാത്രമേ ഗ്രീൻ റൂമിൽ കയറാൻ സാധിക്കുള്ളൂ. അത്രയും നേരം നമുക്ക് വിശ്രമിക്കാനായി അമ്പല കമ്മിറ്റിക്കാർ ഏതെങ്കിലും വീട് നോക്കും. അവിടത്തെ സ്ത്രീകളുടെ പുച്ഛവും അവഞ്ജതയും സഹിച്ചുകൊണ്ട് ഇരിക്കുക എന്നത് വലിയ ടാസ്‌കാണ്.
എല്ലവരും ഇങ്ങനെയാണെന്ന് ഞാൻ പറയില്ല. നല്ല രീതിയിൽ പെരുമാറുന്നവരും ഉണ്ട്. അങ്ങനെയുള്ള വളരെ കുറച്ച് ആളുകളെ മാത്രമേ കണ്ടിട്ടുള്ളൂ. ഇത്രയും കാലത്തെ നാടക ജീവിതത്തിനിടയിൽ കൂടിപ്പോയാൽ 20 അല്ലെങ്കിൽ 25 വീട്ടുകാർ മാത്രമേ നമ്മളോട് നല്ല രീതിയിൽ പെരുമാറിയിട്ടുള്ളൂ. ബാക്കിയെല്ലാവരും അവഗണിക്കുകയായിരുന്നു” സീമ ജി. നായർ പറഞ്ഞു.