Vismaya Mohanlal: തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിച്ച് വിസ്മയ മോഹൻലാൽ; പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നോ?
Vismaya Mohanlal New Movie: പ്രഖ്യാപനം വന്നതിന് പിന്നാലെ ചിത്രത്തെ ചുറ്റിപറ്റി പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷൻ പടം ആണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താര പുത്രി വിസ്മയ മോഹൻലാൽ ഒടുവിൽ അഭിനയത്തിലേക്ക് ചുവടവെച്ചിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിക്കുന്നത്. എഴുത്തിനോടും വായനയോടും താത്പര്യമുള്ള വിസ്മയ അത്തരം കാര്യങ്ങളിലാണ് ഇത്രയും നാൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും, ഇപ്പോൾ അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് വരികയാണ്.
പ്രഖ്യാപനം വന്നതിന് പിന്നാലെ ചിത്രത്തെ ചുറ്റിപറ്റി പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷൻ പടം ആണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. നേരത്തെ, വിസ്മയ തായ്‌ലൻഡിൽ നിന്ന് മൊയ് തായി (Muay Thai) എന്നൊരു മാർഷ്യൽ ആർട്ട് പഠിക്കുകയാണെന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും വിസ്മയ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നോ വിസ്മയ മാർഷ്യൽ ആർട്സ് പഠിച്ചതെന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
കൂടാതെ, ഇതൊരു ആക്ഷൻ ചിത്രമാണ് എന്നതിനുള്ള സൂചന പോസ്റ്ററിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. പോസ്റ്ററിൽ ‘തുടക്കം’ എന്ന് എഴുതിയിരിക്കുന്നതിലെ രണ്ട് സ്ഥലത്താണ് ഈ സൂചനകൾ ഒളിഞ്ഞിരിക്കുന്നത്. ‘തുടക്ക’ത്തിലെ ‘ട’ എന്ന അക്ഷരത്തിൽ ഒരു കരാട്ടെ കൈ കാണാൻ സാധിക്കും. അതുപോലെ തന്നെ ‘ക്കം’ എന്ന് എഴുതിയിരിക്കുന്നതിൽ മുഷ്ടി ചുരുട്ടിയൊരു കയ്യും കാണാം. അതിനാൽ ഇതൊരു ഇടിപ്പടം ആകുമെന്നും, വിസ്മയയുടെ കഥാപാത്രവും ഇതുമായി ബന്ധമുള്ളതായിരിക്കുമെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.
ALSO READ: ഇതൊരു നിയോഗമായി കാണുന്നു, നിരാശപ്പെടുത്തില്ല ലാലേട്ടാ…ചേച്ചി; കുറിപ്പുമായി ജൂഡ്
അതേസമയം, ഇത്രയും നാൾ എഴുത്തിന്റെയും വായനയുടെയും ലോകത്തായിരുന്നു വിസ്മയ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 2021ൽ പെൻഗ്വിൻ ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചത്. വിസ്മയയുടെ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാലും പ്രണവും ചിത്രത്തിൽ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.