Prajusha: ലൈഫ് ഓഫ് ജോസൂട്ടി എഴുതിയത് ഭർത്താവ് കുമാർ നന്ദ; നിർമാതാവാണ് സിനിമ ഇങ്ങനെ മാറ്റിയത്: വെളിപ്പെടുത്തലുമായി പ്രജുഷ
Prajusha Reveals Incident Regarding Life Of Josutty Movie: ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ തിരക്കഥ എഴുതിയത് തൻ്റെ ഭർത്താവായിരുന്നു എന്ന് സീരിയൽ നടി പ്രജുഷയുടെ വെളിപ്പെടുത്തൽ. നിർമ്മാതാവാണ് സിനിമ ഇങ്ങനെ മാറ്റിയതെന്നും അവർ ആരോപിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ എഴുതിയത് തൻ്റെ ഭർത്താവ് കുമാർ നന്ദ ആയിരുന്നു എന്ന് സീരിയൽ നടി പ്രജുഷ. ജോസൂട്ടിയുടെ സുവിശേഷം എന്നായിരുന്നു പേര്. ജീത്തു ജോസഫിൻ്റെ ഡേറ്റ് കിട്ടിയപ്പോൾ നിർമ്മാതാവ് അദ്ദേഹത്തെ വച്ച് ഈ സിനിമ ചെയ്യുകയായിരുന്നു എന്നും പ്രജുഷ ആരോപിച്ചു.
“ലൈഫ് ഓഫ് ജോസൂട്ടിയാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. ജോസൂട്ടിയുടെ സുവിശേഷം എന്നായിരുന്നു ഭർത്താവ് നൽകിയിരുന്ന പേര്. അത് മാറ്റിയിട്ടാണ് ലൈഫ് ഓഫ് ജോസൂട്ടി എന്നാക്കിയത്. അത് ഭർത്താവ് സംവിധാനം ചെയ്യാനായി ഇവിടെനിന്ന് ടിനി ടോം, നന്ദു, കൈലാഷ് തുടങ്ങിയവരും നിർമാതാവുമായിട്ട് ശ്രീലങ്കയിൽ ഷൂട്ടിംഗിന് പോയതാണ്. അപ്പോൾ, അവിടെ എന്തോ പ്രശ്നങ്ങളുണ്ടായി ഷൂട്ട് ചെയ്യാൻ പറ്റിയില്ല. സംവിധായകനാണ് ഇത്രയും ആളുകളെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയതെന്ന കാരണം പറഞ്ഞ് നിർമ്മാതാവ് പ്രശ്നമാക്കി. എന്നിട്ട് ജിത്തു ജോസഫിൻ്റെ ഡേറ്റ് കിട്ടിയെന്നും അദ്ദേഹത്തെക്കൊണ്ട് സിനിമ ചെയ്യിക്കണമെന്നും പറഞ്ഞു. കാശ് ഒരുപാട് നഷ്ടം വന്നു. അതുകൊണ്ട് തിരക്കഥ ഭർത്താവ് തന്നെ എഴുതിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. നന്ദേട്ടൻ്റെ ക്ലാസിൽ ഒരുമിച്ച് പഠിച്ചയാളാണ് നിർമ്മാതാവ്. അങ്ങനെ പണം വാങ്ങാതെയാണ് തിരക്കഥ എഴുതിയത്. ഇന്നും ആ സിനിമയുടെ തിരക്കഥാകൃത്ത് കുമാർ നന്ദ ആണെന്ന് ആർക്കും അറിയില്ല.”- പ്രജുഷ പറഞ്ഞു.




2015ൽ ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. ജോസൂട്ടി എന്ന ടൈറ്റിൽ കഥാപാത്രമായി ദിലീപ് എത്തിയപ്പോൾ സുരാജ് വെഞ്ഞാറമൂട്, ജ്യോതി കൃഷ്ണ, രഞ്ജിനി രൂപേഷ്, ഹരീഷ് പേരടി തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. സിനിമയുടെ പോസ്റ്ററിൽ കഥ ജയലാൽ മേനോനും തിരക്കഥ രാജേഷ് വർമ്മയുമാണ്. ജയലാൽ മേനോൻ, അനിൽ ബിശ്വാസ്, സുനിൽ ലുല്ല എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. രവിചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തപ്പോൾ അയൂബ് ഖാൻ എഡിറ്റും അനിൽ ജോൺസൺ സംഗീതസംവിധാനവും നിർവഹിച്ചു.