Shaijo Adimaly: ‘ലാൽസാർ എന്റെ കയ്യില്‍ നിന്ന് ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ ആ ഫോണ്‍ വാങ്ങി’; ഷൈജു അടിമാലി
Shaijo Adimaly About Mohanlal: സെറ്റിൽ മോഹൻലാലിനെപ്പോലുള്ള ഒരു വലിയ നടനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്ന് ഷൈജു. തന്റെ ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ മൊബൈൽ ഫോൺ വാങ്ങി മോഹൻലാൽ വാർത്ത കണ്ടതിനെ കുറിച്ചും നടൻ പറയുന്നു.
‘തുടരും’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ഷൈജു അടിമാലി. താരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സെറ്റിൽ മോഹൻലാലിനെപ്പോലുള്ള ഒരു വലിയ നടനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്ന് ഷൈജു. തന്റെ ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ മൊബൈൽ ഫോൺ വാങ്ങി മോഹൻലാൽ വാർത്ത കണ്ടതിനെ കുറിച്ചും നടൻ പറയുന്നു. വൺ ടു ടോക്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈജു.
“ഇലക്ഷൻ നടക്കുന്ന സമയത്ത് ഷൂട്ട് ഉണ്ടായിരുന്നു. എന്റെ ഫോണിന്റെ ഡിസ്‌പ്ലേയുടെ മുകളിലൊട്ടിച്ച സ്‌ക്രീൻ ഗാർഡ് മൊത്തം പൊട്ടിപ്പൊളിഞ്ഞ് ഇരിക്കുകയാണ്. വിരൽ സ്പീഡിൽ ഒന്ന് ഓടിച്ചാൽ ചിലപ്പോൾ മുറിയും. ലൊക്കേഷനിൽ ആരെങ്കിലും കണ്ടാൽ മോശമാണല്ലോ എന്ന് കരുതി അത് മാറ്റിയൊട്ടിക്കാൻ വേണ്ടി ചെന്നു. അപ്പോൾ അത് ഊരിയെടുക്കുമ്പോൾ ചിലപ്പോൾ ഡിസ്‌പ്ലേ പോകാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു.
അങ്ങനെയാണെങ്കിൽ അനക്കണ്ട എന്ന് പറഞ്ഞ് വെച്ചേക്കുവാണ്. വിളിച്ചാൽ കിട്ടാൻ ഈ ഫോണേ ഉള്ളൂ. ഡിസ്‌പ്ലേ മാറാൻ ആ സമയത്ത് കഴിയില്ലായിരുന്നു. അങ്ങനെ സെറ്റിലിരിക്കെ ഞാൻ ഈ ഫോണിൽ ഇലക്ഷന്റെ വാർത്ത കണ്ട് ഇരിക്കുകയാണ്. ആ സമയത്ത് ലാൽ സാറ് എന്റെ പിറകിൽ കൂടി ഇങ്ങനെ പോകുന്നുണ്ട്. ഞാനത് ശ്രദ്ധിച്ചില്ല. കാണിച്ചേ എന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ആ ഫോൺ അങ്ങ് വാങ്ങി.
ALSO READ: ‘തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്’; മണിയൻപിള്ള രാജു
സാറിന്റെ ഫോണൊക്കെ ഒന്ന് ആലോചിച്ചു നോക്കണം. അദ്ദേഹം എന്റെ ഫോൺ വാങ്ങിച്ച് അവിടെ നിന്ന് ആ വാർത്ത ഇങ്ങനെ കാണുകയാണ്. ഡിസ്‌പ്ലേ മൊത്തം പൊട്ടിയിരിക്കുകയാണ്. അദ്ദേഹം കഷ്ടപ്പെട്ട് അതിനകത്ത് വാർത്ത കാണുകയാണ്. കുറച്ച് നേരം അവിടെ നിന്ന് വാർത്ത കണ്ടു. അങ്ങനെയൊക്കെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്” ഷൈജു അടിമാലി പറഞ്ഞു.