Shilpa Shetty Fraud Case: 60 കോടി തട്ടിയെന്ന് പരാതി; ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്
Shilpa Shetty and Raj Kundra Face Legal Case: താര ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്.
മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. 60 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരൻ നൽകിയ പരാതിയിലാണ് കേസ്. ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ ശില്‍പ്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും നല്‍കിയിരുന്നു. എന്നാൽ, അവർ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചു എന്നാണ് പരാതി.
താര ദമ്പതികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. നിലവിൽ പ്രവർത്തനരഹിതമായ ഈ കമ്പനിയുടെ വിപുലീകരണത്തിനായി 2015-2023 കാലഘട്ടത്തില്‍ ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും ബിസിനസുകാരനായ ദീപക് കോത്താരി 60.48 കോടി രൂപ നൽകിയിരുന്നു. എന്നാൽ ആ പണം വ്യക്തിഗത ആവശ്യങ്ങൾക്കായി അവർ ചിലവഴിച്ചുവെന്നാണ് ആരോപണം.
രാജേഷ് ആര്യ എന്ന ഏജന്റ് വഴി 2015ലാണ് താര ദമ്പതികളുമായി താൻ ബന്ധപ്പെട്ടതെന്നും കോത്താരി പറയുന്നു. ആ സമയത്ത് ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു ഇവർ. അന്ന് കമ്പനിയുടെ 87 ശതമാനത്തിലധികം ഓഹരികള്‍ ശില്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു.
തുടക്കത്തില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാനെങ്കിലും ഉയര്‍ന്ന നികുതി ഒഴിവാക്കാനായി ഒരു നിക്ഷേപമായി മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ, പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം നൽകിയാണ് അവർ താനുമായി കരാറിലേര്‍പ്പെട്ടതെന്നും ദീപക് കോത്താരി പരാതിയില്‍ പറയുന്നു.
2015 ഏപ്രിലിൽ ഏകദേശം 31.95 കോടി രൂപയോളം ആദ്യം കൈമാറി. പിന്നീട് ജൂലൈയിലാണ് ബാക്കി 28.54 കോടി രൂപ കൂടി കൈമാറിയതെന്നും ബിസിനസുകാരന്‍ പറയുന്നു. ഇതിന് പുറമെ സ്റ്റാമ്പ് ഡ്യൂട്ടിയായി 3.19 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാല്‍, സെപ്റ്റംബറില്‍ ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചുവെന്നും പരാതിയിൽ പറയുന്നു.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് താരദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം ജുഹു പോലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരുന്നതെങ്കിലും 10 കോടി രൂപയ്ക്ക് മുകളിലുള്ള വഞ്ചനാ കേസായതിനാൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കേസ് കൈമാറുകയായിരുന്നു.