Diya Krishna: ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ സൗകര്യം; ദിയയുടെ ലേബർ സ്യൂട്ട് റൂമിന്റെ വാടക വെളിപ്പെടുത്തി സിന്ധു കൃഷ്ണ
Diya Krishna Delivery Suite Room Rate: ദിയയുടെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ആശുപത്രിയിലെ സൗകര്യങ്ങളെ കുറിച്ചും കുഞ്ഞുവന്ന ശേഷമുള്ള വിശേങ്ങളുമെല്ലാമാണ് സിന്ധു പുതിയ വ്ലോഗിൽ പങ്കുവെച്ചത്.
നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ പ്രസവാനന്തര വീഡിയോകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. ഇപ്പോഴിതാ ദിയയുടെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ആശുപത്രിയിലെ സൗകര്യങ്ങളെ കുറിച്ചും കുഞ്ഞുവന്ന ശേഷമുള്ള വിശേങ്ങളുമെല്ലാമാണ് സിന്ധു പുതിയ വീഡിയോയിൽ പങ്കുവെച്ചത്.
അമ്മൂമ്മയായെന്ന് തനിക്കോ അമ്മയായെന്ന് ദിയയ്‌ക്കോ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സിന്ധു പറയുന്നു. പ്രസവം നടക്കുന്നിടത്ത് കുടുംബം മുഴുവൻ നിൽക്കുന്നത് എങ്ങനെയാണെന്ന് പലരും ചോദിച്ചതായും അവർ പറഞ്ഞു. ഓസിയുടെ പ്രസവം ലേബർ സ്യൂട്ട് റൂമിലാണ് നടന്നത്. ആ ആശുപത്രിയിൽ ഇത്തരത്തിൽ രണ്ടു റൂമുകൾ ഉണ്ട്. പ്രസവം നടക്കുന്ന ഓപ്പറേഷൻ തീയേറ്ററിന്റെ അതേ ഫ്ലോറിൽ തന്നെയാണ് റൂമുകൾ ഉള്ളത്. പ്രസവം നടക്കുന്ന സമയത്ത് കുടുംബം ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ റൂമെടുക്കാൻ കഴിയുമെന്നും സിന്ധു പറഞ്ഞു. അഹാനയുടെ സുഹൃത്താണ് ഈ റൂമിനെക്കുറിച്ച് തങ്ങളോട് പറഞ്ഞതെന്നും, സുഹൃത്ത് മകനെ പ്രസവിച്ചത് ഇവിടെയാണെന്നും അവർ കൂട്ടിച്ചേർത്തു.
പണ്ട് താൻ ഡെലിവറിക്ക് പോകുന്ന സമയത്ത് കിച്ചുവിന്റെ അച്ഛൻ്റെ സഹോദരി ഒരു ഡോക്ടർ ഉണ്ടായിരുന്നത് കൊണ്ടുതന്നെ തന്റെ അമ്മയെയും കിച്ചുവിനെയും ഇടയ്ക്കൊന്ന് കാണിക്കുമായിരുന്നു. ശേഷം പ്രസവം കഴിഞ്ഞയുടൻ അവരെ അകത്തേക്ക് വിടും. എങ്കിലും പ്രസവത്തിന് കൂടെ ആരും ഇല്ലായിരുന്നു. നാല് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിലും അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് തനിക്ക് അറിവിലായിരുന്നുവെന്നും സിന്ധു പറഞ്ഞു.
ഡെലിവറി വീഡിയോസ് യൂട്യൂബിൽ ഉണ്ടെങ്കിലും കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, ദിയയുടെ ഡെലിവറി കാണാൻ കഴിഞ്ഞു. ഒരു മാജിക്കൽ അനുഭവം ആയിരുന്നു. വേദന വരാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്തുകൊണ്ട് വലിയ കഷ്ടപ്പാടില്ലായിരുന്നു. മണിക്കൂറുകൾ എടുത്തെങ്കിലും പ്രസവം സുഗമമായിരുന്നുവെന്നും സിന്ധു കൃഷണ കൂട്ടിച്ചേർത്തു. സ്യൂട്ട് റൂമിനുള്ളിൽ കയറിയാൽ ഒരു ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ കയറിയ പ്രതീതിയാണെന്നും നമുക്ക് താങ്ങാൻ പറ്റുന്ന റേറ്റാണ് ഇവിടെയൊന്നും അവർ പറയുന്നു.
ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസം 12,000 രൂപ മാത്രമാണ് വാടക. ആശുപത്രിയിലെ ആകെ ചെലവിൽ നിന്ന് ഏകദേശം നാൽപ്പതിനായിരം രൂപയുടെ മാറ്റമേ ഉള്ളുവെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. പ്രസവിക്കാൻ കിടക്കുന്ന കുട്ടികൾക്ക് കിട്ടുന്ന സമാധാനം വളരെ വലുതാണെന്നും സ്നേഹത്തോടെയും കരുതലോടെയുമാണ് ദിയയെ ഡോക്ടറും നഴ്സുമാരുമെല്ലാം പരിചരിച്ചതെന്നും സിന്ധു കൃഷ്ണ പറഞ്ഞു.