Kalpana Raghavendar: ആത്മഹത്യയല്ല, ഉറക്കമില്ലായ്മയുടെ ഗുളിക കഴിച്ചത് അമിതമായി; ഗായിക കല്പനയേക്കുറിച്ച് മകൾ
Singer Kalpana Raghavendar Daughter: അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിസാം പേട്ടിലെ വീട്ടിനുള്ളിലാണ് കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മകൾ ദയ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും ഉറക്ക ഗുളിക കഴിച്ചത് കൂടിപ്പോയതാണ് കാരണമെന്നും ദയ പറഞ്ഞു. പുറത്തുവരുന്ന മറ്റ് പ്രചാരണങ്ങളെ തള്ളികളഞ്ഞുകൊണ്ടായിരുന്നു ദയ രംഗത്തെത്തിയത്. ബുധനാഴ്ചയാണ് കല്പന രാഘവേന്ദറെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിസാം പേട്ടിലെ വീട്ടിനുള്ളിലാണ് കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ കല്പന ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചത്തോടെയാണ് മകൾ ദയ വിശദീകരണവുമായി രംഗത്തെത്തിയത്.
“എന്റെ അമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. പൂർണ്ണമായും സുഖമായിരിക്കുന്നു. അവർ സന്തോഷവതിയും ആരോഗ്യവതിയുമാണ്. അമ്മ ഒരു ഗായികയാണ്. പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നതിനാൽ ഉറക്കം കുറവായിരുന്നു. ഇതിന്റെ ചികിത്സയുടെ ഭാഗമായാണ് ഡോക്ടർ ഗുളികകൾ നിർദ്ദേശിച്ചത്. അതാണ് അവർ കഴിച്ചത്. സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് കൂടിപ്പോയി. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ” ദയ പറഞ്ഞു.
തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വളരെയധികം സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതായും മകൾ പറഞ്ഞു. അമ്മ ഉടൻ തന്നെ പഴയ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളികയുടെ അളവ് കൂടിപോയതാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ വാർത്തകളെ വളച്ചൊടിക്കരുതെന്നും ദയ അഭ്യർത്ഥിച്ചു.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരനും അയൽക്കാരുമാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കല്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിസാംപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ അവരെ പ്രവേശിപ്പിക്കുകയായിരുന്നു.