Smriti Irani: ഓരോ എപ്പിസോഡിനും 14 ലക്ഷം, ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻ മന്ത്രി
Smriti Irani: 2000 മുതല്‍ 2008 വരെയാണ് 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി' ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നിലനിർത്തിയ പരമ്പരയായിരുന്നു ഇത്.
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് മുൻകേന്ദ്രമന്ത്രി സ്മൃതി ഇറാനി. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻമന്ത്രിയുടെ വെളിപ്പെടുത്തൽ. അതേസമയം പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു എപ്പിസോഡിന് 14 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് പ്രചാരണം.
ഒരു പ്രൊഫഷണലെന്ന നിലയിൽ, തനിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് പറയാൻ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. കൂടാതെ, നാമെല്ലാവരും ഒരു വലിയ സ്ഥാപനത്തിന്റെയും ജോലിയുടെയും ഭാഗമാണെന്നും സഹതാരങ്ങളുടെ കരിയർ ഉയർത്താനുള്ള കഴിവ് തനിക്കുണ്ടെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു.
എക്കാലത്തെയും ഹിറ്റ് പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’യുടെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നിലനിർത്തിയ പരമ്പരയായിരുന്നു ഇത്. 1500 ലധികം എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ സിരീയലിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ നിന്ന് മികച്ച നടി – ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും നേടി.