Threat against the victim: ജയസൂര്യയ്ക്കും രഞ്ജിത്തിനും ഫാൻസ് കുറഞ്ഞിട്ടില്ല; പരാതി നൽകിയവർക്കെതിരേ സോഷ്യൽ മീഡിയാ ഭീഷണി
Social media threats: അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ ജയസൂര്യയ്ക്കെതിരേയും ലൈംഗിക പീഡന പരാതി ഉയർന്നു വന്നതിനു പിന്നാലെ പരാതിക്കാർക്കെതിരേ ഭീഷണികളും ഉയരുന്നതായി റിപ്പോർട്ട്. ഈ സംഭവത്തിന് പിന്നാലെ എനിക്ക് ഒരുപാട് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും പരാതിക്കാരൻ പ്രതികരിച്ചു.
ഇന്റർവ്യൂ ആവശ്യപ്പെട്ട് എനിക്ക് കോളുകൾ വരുന്നുണ്ട് ഇതിനു പുറമേ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന ചോദിച്ച് പലഭാഗത്തുനിന്നും കോളുകൾ വരുന്നുണ്ട് എന്നും അയാൾ വ്യക്തമാക്കി. വിമർശനങ്ങൾക്കൊപ്പം പിന്തുണയും കിട്ടുന്നുണ്ട്. ഇതിനൊപ്പം കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാൻ പലരും ശ്രമിക്കുന്നു എന്നും യുവാവ് വെളിപ്പെടുത്തി.
സിനിമയിൽ അവസരം വാഗ്ദാനം നൽകി രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഐശ്വര്യ ഡോങ്‌റെ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘംമാണ് മൊഴി രേഖപ്പെടുത്തിയത്.
കോഴിക്കോട് കാരപ്പറമ്പിൽ എത്തിയാണ് മൊഴിയെടുത്തത്. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്ന തന്നോട് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവാവ് വെളിപ്പെടുത്തി.
ALSO READ – ഹിറ്റടിച്ച് വീണ്ടും ജേക്സ് ബിജോയ്; സൂര്യാസ് സാറ്റർഡേയുടെ തകർപ്പൻ വിജയത്തിനു ശേഷം ഇനി മോഹൻലാൽ ചിത്രം
അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബംഗാളി നടിയും രഞ്ജിത്തിനെതിരേ രംഗത്ത് വന്നിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചു.
ജയസൂര്യയ്ക്കെതിരെ പരാതി നൽകിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി
നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയ നടിയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നു. നടി തന്നെയാണ് മെസഞ്ചറിൽ വന്ന ഭീഷണി സന്ദേശം പങ്കുവച്ചത്. ലൈംഗികാതിക്രമ പരാതിയിൽ ജയസൂര്യയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് പരാതി നൽകിയ നടിയ്ക്കെതിരേ ഭീഷണി ഉയർന്നത്.
“ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും െൻ്ന തരത്തിലുള്ള മെസ്സേജുകളാണ് വരുന്നത്. ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത് നിൻറെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും” എന്നുള്ള സന്ദേശവും നടി പങ്കുവച്ച സ്ക്രീൻ ഷോട്ടിൽ കാണാം. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.
സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിനാണ് കേസ്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത് എന്നതും ശ്രദ്ധേയം. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. പിന്നാലെ ജയസൂര്യക്കെതിരെ കേസെടുത്തു.