Su From So: വെറും മൂന്ന് കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമ 10 ദിവസം കൊണ്ട് നേടിയത് 40 കോടി; തീയറ്ററിൽ നിറഞ്ഞോടി ‘സു ഫ്രം സോ’
Su From So Movie Box Office: വെറും മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച സു ഫ്രം സോ എന്ന കന്നഡ സിനിമ 10 ദിവസം കൊണ്ട് നേടിയത് 40 കോടി രൂപയാണ്. കേരളത്തിലും സിനിമ റിലീസായി.

സു ഫ്രം സോ
കന്നഡ സിനിമയായ ‘സു ഫ്രം സോ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വെറും മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച സിനിമ കേവലം 10 ദിവസം കൊണ്ട് 40 കോടി രൂപയാണ് തീയറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്. മൊഴി മാറ്റി മലയാളത്തിലും സിനിമ റിലീസായിട്ടുണ്ട്. കേരള ബോക്സോഫീസിലും സു ഫ്രം സോ തരംഗം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ മാസം 25നാണ് സു ഫ്രം സോ തീയറ്ററുകളിലെത്തിയത്. കർണാടകയിലായിരുന്നു ആദ്യ റിലീസ്. കർണാടക ബോക്സോഫീസിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ ഈ മാസം ഒന്നിന് സിനിമ കേരളത്തിലും റിലീസായി. ഉടൻ തന്നെ തെൽങ്കാനയിലും സിനിമ റിലീസാവുകയാണ്. ഈ മാസം എട്ടിനാണ് സിനിമ തെലുങ്കാനയിൽ എത്തുന്നത്. കന്നഡയിലും മലയാളത്തിലും ‘സു ഫ്രം സോ’ എന്ന ശരിയായ പേരിൽ തന്നെയാണ് സിനിമ പുറത്തിറങ്ങിയത്. തെലുങ്ക് വേർഷനിലും സിനിമയുടെ പേര് ഇത് തന്നെയാണ്.
നവാഗതനായ ജെപി തുമിനാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സു ഫ്രം സോ’ ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്നതാണ്. പുതുമുഖങ്ങളാണ് സിനിമയിൽ കൂടുതലും അഭിനയിച്ചിരിക്കുന്നത്. ഷനീൽ ഗൗതം, ജെപി തുമിനാദ്, സന്ധ്യ അറകെരെ രാജ് ബി ഷെട്ടി തുടങ്ങിയവർ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. രാജ് ബി ഷെട്ടി സിനിമയുടെ സഹനിർമ്മാതാവാണ്. എസ് ചന്ദ്രശേഖരനാണ് ക്യാമറ കൈകാര്യം ചെയ്തത്. നിതിൻ ഷെട്ടി എഡിറ്റിങും സുമേധ് കെ, സന്ദീപ് തുളസിദാസ് എന്നിവർ ചേർന്ന് സംഗീതസംവിധാനവും നിർവഹിച്ചു. ദുൽഖർ സൽമാൻ്റെ വേഫേറർ സിനിമയാണ് സു ഫ്രം സോ കേരളത്തിൽ വിതരണം ചെയ്തത്.