Tharun Moorthy- Lokesh Kanakaraj: ‘ഷൺമുഖം ജയിലിൽ നിന്നിറങ്ങി ‘എൽസിയു’വിൽ കയറുമോ?’; തരുൺ മൂർത്തിയും ലോകേഷ് കനകരാജും ഒറ്റ ഫ്രെയിമിൽ
Tharun Moorthy and Lokesh Kanagaraj’s New Photo: 'കാഴ്ചപ്പാടുകൾ ഒന്നുചേരുമ്പോൾ' എന്ന ക്യാഷനോട് കൂടിയാണ് തരുൺ മൂർത്തി ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം വൈറലായി.

തരുൺ മൂർത്തിയും ലോകേഷ് കനകരാജും
രണ്ട് ഇൻഡസ്ട്രികളിലായി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളടിച്ച് നിൽക്കുന്ന രണ്ട് യുവസംവിധായകരാണ് തരുൺ മൂർത്തിയും ലോകേഷ് കനകരാജും. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തരുൺ മൂർത്തി തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
തരുൺ മൂർത്തിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം ‘തുടരും’ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഇപ്പോൾ, ‘ടോർപ്പിഡോ’ എന്ന പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിലാണ് സംവിധായകൻ. ബിനു പപ്പു തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, അർജുൻദാസ്, നസ്സിൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ലോകേഷ് കനകരാജാണെങ്കിൽ രജനികാന്ത് നായകനാവുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിലാണ്. ഇതിനിടയിലാണ്, ഇവർ രണ്ട് പേരും ഒരുമിച്ചുള്ളൊരു ചിത്രം പുറത്തുവന്നിരിക്കുന്നത്.
‘കാഴ്ചപ്പാടുകൾ ഒന്നുചേരുമ്പോൾ’ എന്ന ക്യാഷനോട് കൂടിയാണ് തരുൺ മൂർത്തി ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം വൈറലായി. രണ്ടുപേരും ചേർന്നുള്ളൊരു സിനിമ വരുന്നുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നടൻ ഫർഹാൻ ഫാസിലും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
‘എന്തോ വലുത് വരാനിരിക്കുന്നു’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ‘തുടരും സിനിമയിലെ ഷൺമുഖം ജയിലിൽ നിന്നിറങ്ങി എൽസിയുവിൽ കയറാൻ ചാൻസ് ഉണ്ടോ” എന്നാണ് മറ്റൊരു കമന്റ്. തരുൺ മൂർത്തി ചിത്രമായ ‘ടോർപ്പിഡോ’ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിൽ പെട്ടതാണോ എന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. ‘ടോർപ്പിഡോ’യിൽ അർജുൻ ദാസ് എത്തുന്നതാണ് ഈ സംശയങ്ങൾക്ക് വഴിവെച്ചത്.
ലോകേഷ് കനകരാജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണോ എന്ന് ചോദിച്ചവരും കമന്റ്ബോക്സിൽ ഉണ്ട്. എന്തായാലും, ഇരുവരും ഒരുമിച്ച് ഒരു സിനിമ വന്നാൽ ഹിറ്റാകും എന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗം പേരും.