AMMA: കിരീടവും ചെങ്കോലും താഴെവെക്കാന്‍ തയ്യാറല്ല; ‘അമ്മ’യില്‍ നിന്ന് ഇനിയും രാജിവെക്കാത്തവര്‍
AMMA Member's Resignation: രാജി വെക്കാനുള്ള തീരുമാനം അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് നടി കുക്കു പരമേശ്വരന്‍ പറയുന്നത്. സരയൂവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആരോപണങ്ങളില്‍ ‘അമ്മ’ സംഘടന എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിലും ഭിന്നത. സംഘടനയിലെ ഭാരവാഹികളും അംഗങ്ങളും കൂട്ടായെടുത്ത തീരുമാനമല്ല രാജിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സരയൂ മോഹന്‍, ടൊവിനോ തോമസ്, വിനു മോഹന്‍, അനന്യ എന്നിവര്‍ രാജിവെച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താന്‍ രാജിവെച്ചിട്ടില്ലെന്നും ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണെന്നും സരയൂ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഭരണസമിതി പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും തെറ്റ് ചെയ്യാതെ ഭയന്നോടുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും സരയൂ മീഡിയ വണിനോട് പറഞ്ഞു.
രാജി വെക്കാനുള്ള തീരുമാനം അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് നടി കുക്കു പരമേശ്വരന്‍ പറയുന്നത്. സരയൂവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം.
ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴുകിയെന്നതാണ് ശരിയെന്നും ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യ പറയുന്നു. വ്യക്തിപരമായി രാജിയോട് തനിക്ക് താത്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
Also Read: Siddique: നടിയുടെ പരാതി; ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തു
സിനിമയുടെ ഉള്ളില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ല. എന്നാല്‍ സിനിമകളുടെ കാര്യത്തില്‍ അടക്കം വേര്‍തിരിവ് അനുഭവപ്പെട്ടിട്ടുണ്ട്. 2007 മുതലാണ് നായികയായി എത്തുന്നത്. വളരെയധികം സങ്കടമുണ്ട് റിപ്പോര്‍ട്ട് വായിച്ചപ്പോള്‍. തങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ തീവ്രതയില്‍ ചിലര്‍ കടന്നുപോയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസിലായി. അസോസിയേഷന്റെ ഭാരവാഹിയായിരിക്കുമ്പോള്‍ വ്യക്തിപരമായി സംസാരിക്കുന്നതില്‍ പരിമിധിയുണ്ട്. എഎംഎംഎ നിലനില്‍പ്പിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അനന്യ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹന്‍ലാല്‍, ജദഗീഷ്, ജയന്‍ ചേര്‍ത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദന്‍, അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, ജോമോള്‍, കലാഭവന്‍ ഷാജോണ്‍, സരയൂ മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങള്‍. എന്നാല്‍ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ അയാള്‍ക്ക് രാജിവെക്കേണ്ടതായി വന്നു. അതിന് പകരമായി ബാബു രാജിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് സംഘടനയ്ക്കുള്ളില്‍ നിന്ന് വന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സമൂഹ-ദൃശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ ലൈംഗികാരോപണങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജിവെക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിവരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസമില്ലാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും, എന്നാണ് രാജിവെച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞത്.
അതേസമയം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ നേതൃത്വം വരുമെന്നാണ് സൂചന. അതിനായി പൊതുയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് സംഘടനയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും സമദൂരം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജഗദീഷ് തുടങ്ങിയ താരങ്ങളെയാണ് ഇനി സംഘടനയുടെ തലപ്പത്തേക്ക് പരിഗണിക്കാന്‍ സാധ്യതയെന്നാണ് വിവരം.
അതേസമയം, വനിതകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതായിരിക്കണം പുതിയ നേതൃത്വം എന്നാണ് സംഘടനയ്ക്കുള്ളില്‍ നിന്നുയര്‍ന്നിട്ടുള്ള മറ്റൊരു ആവശ്യം. പ്രസിഡന്റ് സ്ഥാനത്തേക്ക് അടക്കം വനിതകളുടെ പേര് പരിഗണിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ അതായിരിക്കും നല്ലതെന്നും പലരും അഭിപ്രായം അറിയിച്ചിട്ടുണ്ട്. വനിതകളും യുവാക്കളും സംഘടനയിലേക്ക് വരണമെന്ന് ഒരുകൂട്ടം അഭിപ്രായപ്പെടുമ്പോള്‍ ഈ സങ്കീര്‍ണത നിറഞ്ഞ സാഹചര്യത്തില്‍ ആരാണ് അതിന് തയാറാകുക എന്ന ചോദ്യവും ഉയരുന്നുണ്ട്.