Tovino Thomas: ‘ലൊക്കേഷന്‍ എന്നല്ല, ഒരിടത്തും ലഹരി ഉപയോഗിക്കരുത്, കരാറിൽ ഒപ്പിടും; ടോവിനോ തോമസ്
Tovino Thomas Reacts on Producers Anti-Drug Rules: സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.
സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പിടുമെന്ന് നടൻ ടൊവിനോ തോമസ്. മികച്ച തീരുമാനമാണെന്നും ഉറപ്പായും അംഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു. ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോഗിക്കരുതെന്നും താരം പറഞ്ഞു. സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാനുള്ള നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.
സിനിമ സെറ്റിലോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നൽകേണ്ടത്. നടി നടന്മാർക്ക് പുറമെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഇത് ബാധകമാണ്. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
Also Read:അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹന്‍ലാല്‍ തുടരും?
അതേസമയം താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചി കല്ലൂരിൽ ഗോകുലം പാർക്ക് കൺവെഷൻ സെന്ററിൽ നടക്കുന്നുണ്ട്. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടർന്നേക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കാനാണ് സാധ്യത. ഉണ്ണി മുകുന്ദൻ ഒഴിഞ്ഞ ട്രഷറർ സ്ഥാനത്തേക്ക് പുതിയ താരം വരും. ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ ഒഴിവിൽ പുതിയ ആളെ നിയോഗിക്കും.
കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ നടൻ ജഗതി ശ്രീകുമാർ പങ്കെടുക്കാനെത്തി. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. മകനൊപ്പമാണ് ഇവിടെ ജഗതി എത്തിയത്.