Vani Viswanath: ‘സിനിമ മിസ് ചെയ്തിട്ടില്ല, മക്കളെ നോക്കുന്നതായിരുന്നു അതിലും വലിയ കാര്യം’
Vani Vishwanath on her film career: 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയിക്കുന്നതെങ്കിലും സിനിമ മിസ് ചെയ്തിട്ടില്ലെന്ന് വാണി വിശ്വനാഥ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആസാദി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വാണി ഇക്കാര്യം പറഞ്ഞത്

വാണി വിശ്വനാഥ്
1987 മുതല്‍ മലയാള സിനിമയുടെ ഭാഗമാണ് വാണി വിശ്വനാഥ്. നായികാകഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ വാണി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. നടന്‍ ബാബുരാജുമായുള്ള വിവാഹശേഷം വാണി പിന്നീട് അഭിനയരംഗത്ത് സജീവമായിരുന്നില്ല. 2011ന് ശേഷം ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസാദി എന്ന ചിത്രത്തിലാണ് വാണി മലയാളത്തില്‍ അഭിനയിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി ആസാദിയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും, പുറത്തിറങ്ങിയത് ‘റൈഫിള്‍ ക്ലബാ’യിരുന്നു.
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയിക്കുന്നതെങ്കിലും സിനിമ മിസ് ചെയ്തിട്ടില്ലെന്ന് വാണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആസാദി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
”13 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ ഒപ്പം തന്നെയായിരുന്നു. സിനിമകള്‍ കാണാറുണ്ട്. ന്യൂജെന്‍ പിള്ളേരെയും അറിയാം. മക്കളെ നോക്കുക എന്നതായിരുന്നു അതിലും വലിയ സന്തോഷം തരുന്ന കാര്യം. അതുകൊണ്ട് ഒന്നും മിസ് ചെയ്തിട്ടില്ല. സന്തോഷം തരുന്ന കാര്യങ്ങള്‍ വിട്ട് മറ്റ് കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അത് മിസ് ചെയ്യുന്നത്. മക്കളെ നോക്കുന്നതായിരുന്നു സിനിമയില്‍ അഭിനയിക്കുന്നതിലും സന്തോഷം തരുന്ന കാര്യം. അതുകൊണ്ട് തന്നെ സിനിമ അത്ര മിസ് ചെയ്തിട്ടില്ല”-വാണി വിശ്വനാഥ് പറഞ്ഞു.
ഈ ഗ്യാപിനിടയില്‍ ഒരുപാട് സിനിമകള്‍ വന്നിരുന്നു. പക്ഷേ, ആ സമയത്തൊന്നും അഭിനയിക്കാന്‍ പറ്റിയില്ല. പിന്നീട് അഭിനയിക്കാമെന്ന് തീരുമാനിച്ച് ഉറപ്പിച്ചപ്പോള്‍ വന്ന പടമാണ് ആസാദി. റൈഫിള്‍ ക്ലബ് കണ്ടിട്ട് എല്ലാവരും വിളിച്ച് അഭിനന്ദിച്ചു. കുറച്ചുകൂടി മുമ്പ് സിനിമയിലേക്ക് തിരിച്ചെത്താമായിരുന്നുവെന്ന് പലരും പറഞ്ഞു. അത് കേട്ടപ്പോള്‍ കുറച്ച് വിഷമം തോന്നിയെന്നും വാണി പറഞ്ഞു.
വലിയവരെക്കാളും തന്നെ ഇഷ്ടപ്പെടുന്നത് കുട്ടികളായിരുന്നു. എവിടെ പോയാലും ‘മച്ചാനെ വാ’ പാട്ട് കുട്ടികള്‍ പാടുമായിരുന്നു. സ്‌കൂളിലൊക്കെ ഫങ്ഷന് പോകുമ്പോള്‍ ‘നന്ദലാല ആന്റി’ എന്നാണ് കുട്ടികള്‍ വിളിച്ചിരുന്നതെന്നും വാണി വെളിപ്പെടുത്തി.