Vijay babu Vs Rima Kallingal: ‘ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും എടുക്കാത്തത് നന്നായി’: റിമ കല്ലിങ്കലിന് മറുപടിയുമായി വിജയ് ബാബു
Vijay Babu on Rima Kallingal Over Lokah Movie Credit: ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും നൽകാത്ത് നന്നായെന്നും ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
മലയാള സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവേകിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ ചിത്രം ‘ലോക ചാപ്റ്റർ 1 ചന്ദ്ര’. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘ലോക’ മാറി. അധികം വൈകാതെ ചിത്രം 300 കോടി ക്ലബിൽ കടക്കുമെന്നാണ് വിവരം. എന്നാൽ ഇതിനിടെയിൽ നടി പാർവതി, ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ‘ലോകയുടെ’ വിജയം എന്ന തരത്തിൽ നൈല ഉഷയുടെ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയുള്ളത് ആണെന്നും അതിൽ നിന്ന് ഒന്നും എടുത്ത് കൊണ്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റിമ പറഞ്ഞിരുന്നു. പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞു. നല്ല സിനിമകൾ ആര് അഭിനയിച്ചാലും വിജയിക്കുമെന്നും അതിന് വേണ്ട പിന്തുണ വേണമെന്നും അവിടെ ലിംഗ വ്യത്യാസമില്ലെന്നും എന്നും റിമ കൂട്ടിച്ചേർത്തു. ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു റിമയുടെ പ്രതികരണം.
എന്നാൽ ഇത് ഏറെ ചർച്ചയായതോടെ റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി നടനും നിർമാതാവുമായ വിജയ് ബാബു രംഗത്ത് എത്തി. മലയാളത്തിൽ മുൻപ് വന്നിട്ടുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളെ ഉദ്ദരിച്ച് കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ. റിമ അഭിനയിച്ച 22 ഫീമെയിൽ കോട്ടയവും ഇതിൽ ഉൾപ്പെടുന്നു. ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും നൽകാത്ത് നന്നായെന്നും ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
‘വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യ പുത്രിക്ക്, ആകാശദൂത്, ഇന്റിപെന്റൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, ഹൗ ഓൾഡ് ആർയു, 22 ഫീമെയിൽ കോട്ടയം… തുടങ്ങി ഒട്ടനവധി സിനിമകൾക്ക് ക്രെഡിറ്റ് നൽകി ആരും സ്പേയ്സ് എടുക്കാത്തതിൽ നന്ദി ദൈവമേ എന്നായിരുന്നു വിജയ് ഫേസ്ബുക്കിൽ കുറിച്ചത്. മലയാളം എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ടെന്നും കാലം മാറിയപ്പോൾ, പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒടിടിയുടെ സഹായത്തോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിൽ എത്തിയപ്പോൾ, ആഗോള നിലവാരവും ലളിതവും നേരായതുമായ കണ്ടന്റുകൾ നമ്മൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും വിജയ് കുറിച്ചു. സിനിമ നിർമിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ടീം വേഫെയറിനും ലോകക്കും മാത്രം അവകാശപ്പെട്ടതാണ് എന്നും വിജയ് ബാബു കുറിച്ചു.