Vinay Forrt: ‘സിനിമ പ്രമോട്ട് ചെയ്യാൻ യൂട്യൂബ് ചാനലുകൾ പൈസ ചോദിക്കാറുണ്ട്; ദുൽഖറിനോടോ ഫഹദിനോടോ ഇത് ചോദിക്കില്ല’; വിനയ് ഫോർട്ട്
Vinay Forrt on Stardom in the Film Industry: സിനിമകൾ പ്രൊമോട്ട് ചെയ്യാൻ യൂട്യൂബ് ചാനലുകൾ നിർമാതാക്കളോട് പൈസ ചോദിക്കാറുണ്ടെന്ന് വിനയ് ഫോർട്ട് പറയുന്നു. എന്നാൽ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് പോലുള്ള നടന്മാരുള്ള ചിത്രങ്ങൾക്ക് ഇത്തരത്തിൽ ചോദിക്കാറില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടനായ വിനയ് ഫോർട്ട്. ഇപ്പോഴിതാ, ഇന്നത്തെ മാറുന്ന സിനിമാ വ്യവസായത്തിൽ ഒരു സ്റ്റാർ ആയിരിക്കുക എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് നടൻ. സിനിമകൾ പ്രൊമോട്ട് ചെയ്യാൻ യൂട്യൂബ് ചാനലുകൾ നിർമാതാക്കളോട് പൈസ ചോദിക്കാറുണ്ടെന്ന് നടൻ പറയുന്നു. എന്നാൽ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് പോലുള്ള നടന്മാരുള്ള ചിത്രങ്ങൾക്ക് ഇത്തരത്തിൽ ചോദിക്കാറില്ലെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു.
പത്ത് കോടിയുടെ ഫ്‌ളാറ്റോ ലെമ്പോർഗിനിയോ പോർഷയോ ഒന്നുമല്ല തന്റെ മുൻഗണനയെന്നും നല്ല സിനിമകൾ ചെയ്യുകയും പൈസ മുടക്കുന്ന പ്രൊഡ്യൂസറിന് അത് തിരിച്ചുപിടിക്കാൻ കഴിയുക എന്നതും തന്നെയാണ് വലിയ കാര്യമെന്നും വിനയ് ഫോർട്ട് പറയുന്നു. പ്രൊഡ്യൂസറിന് മുടക്കിയ പൈസ തിരികെ കൊടുക്കാൻ സാധിക്കണമെങ്കിൽ അതിന് സ്റ്റാർ പവർ ഭയങ്കര പ്രധാനമാണെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
“സിനിമയോ കഥാപാത്രമോ അഭിനയമോ ഒക്കെ നല്ലതാണോ എന്നത് സെക്കന്ററിയാണ്. പ്രൊഡ്യൂസറിന് പൈസ തിരികെ കൊടുക്കാൻ പറ്റണം എന്നുള്ളതിനാണ് ഞാൻ മുൻഗണന നൽകുന്നത്. അതിന് സ്റ്റാർ പവർ വളരെ പ്രധാനമാണ്. ഞാൻ 70 സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമകൾ എന്നെ തിരഞ്ഞെടുക്കുന്നതാണ്, പലപ്പോഴും എനിക്ക് സിനിമകൾ തിരഞ്ഞെടുക്കാൻ പറ്റാറില്ല.
സിനിമകൾ ഒഴിവാക്കാൻ സാധിക്കും. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ചെയ്യണമെങ്കിൽ ഞാൻ സ്റ്റാർ ആകണം. അല്ലെങ്കിൽ എന്നെ എല്ലാവർക്കും ഇഷ്ടമായിരിക്കണം. അതുമല്ലെങ്കിൽ സിനിമ റിലീസായ ആദ്യ ദിവസം തന്നെ ആളുകൾ നമ്മളെ കാണാൻ വേണ്ടി എത്തണം. അതിന് സ്റ്റാർ പവർ വേണം. പത്ത് കോടിയുടെ ഫ്‌ളാറ്റോ ലെമ്പോർഗിനിയോ പോർഷയോ ഒന്നും എന്റെ മുൻഗണനയല്ല.
ALSO READ: ആരോടും ഒന്നും ഒളിക്കാനില്ല, സത്യം പുറത്ത് വരും; വധഭീക്ഷണി നേരിടുന്നതായി കെനിഷ
എനിക്ക് നല്ല സിനിമകൾ ചെയ്യണം. നല്ല ഫിലിം മേക്കേഴ്‌സിന്റെ നല്ല സ്‌ക്രിപ്റ്റിൽ വർക്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണം. കുറച്ചുകൂടി കൊമേഴ്‌ഷ്യലായ സിനിമകൾ ചെയ്യണം. ഒടിടി വന്നപ്പോൾ ‘ദി ഗോഡ്ഫാദർ’ ഉള്ള അതെ പ്ലാസ്റ്റഫോമിലാണ് ‘ആട്ടവും’ പ്ലേസ് ചെയ്യപ്പെടുന്നത്. ആ ക്വാളിറ്റിയിലേക്കുള്ള സിനിമകളിലേക്ക് എത്തുക എന്നതാണ് എന്റെ ആഗ്രഹം. അതിന് ഒരു സ്റ്റാർ ആകണം.
അവഗണിക്കപ്പെടുന്നതിന് ഒരു പരിധിയുണ്ട്. നമ്മൾ സമൂഹത്തിൽ ഇങ്ങനെ വേർതിരിക്കപ്പെടും. അത് വേദനാജനകമാണ്. ‘സംശയം’ എന്ന സിനിമ പ്രൊമോട്ട് ചെയ്യാൻ വേണ്ടി യൂട്യൂബ് ചാനലുകളൊക്കെ പ്രൊഡ്യൂസേഴ്‌സിനോട് പൈസ ചോദിക്കുകയാണ്. നിങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യണമെങ്കിൽ ഇത്ര ലക്ഷം രൂപ തരണം എന്ന തരത്തിലാണ് അവർ സംസാരിച്ചത്. ഒരിക്കലും അത് ദുൽഖർ സൽമാനോടോ പൃഥ്വിയോടോ ഫഹദിനോടോ ചോദിക്കില്ല. ഇതിന്റെയെല്ലാം അടിസ്ഥാനം ഒരു സ്റ്റാർ എന്ന നിലയിൽ നിങ്ങൾ എവിടെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതാണ്” വിനയ് ഫോർട്ട് പറഞ്ഞു.