Actress Kanakalatha : നടി കനകലത അന്തരിച്ചു
Malayalam Actress Kanakalatha : 350ൽ അധികം സിനിമകളിൽ അഭിനയിച്ച കനകലത മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു
Actress Kanakalatha Passes Away : മലയാളത്തിലെ പ്രമുഖ സിനിമ സീരിയൽ താരമായിരുന്ന കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു 63കാരിയായ നടിയുടെ അന്ത്യം. സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി പാർക്കിൻസൺ, മറവിരോഗങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. അടുത്തിടെ നടിയുടെ സഹോദരി വിജയമ്മ ഒരു അഭിമുഖത്തിലൂടെയാണ് കനകലതയുടെ രോഗ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നത്. 90, 2000 കാലഘട്ടങ്ങളിൽ കോമഡി ഉൾപെടെയുള്ള നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കനകലത അവതരിപ്പിച്ചിട്ടുണ്ട്.
നാടകത്തിൽ നിന്നുമാണ് കൊല്ലം ഓച്ചിറ സ്വദേശിനിയായ കനകലത സിനിമയിലേക്കെത്തുന്നത്. ചെറുതും വലിയതുമായി നിരവധി വേഷങ്ങൾ ചെയ്ത നടി 350ൽ അധികം മലയാളം സിനികളുടെ ഭാഗമായിട്ടുണ്ട്. പിന്നീട് 50ൽ അധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും ഏതാനും സിനിമകളിലും കനകലത ഭാഗമായിട്ടുണ്ട്. കനകലതയുടെ ആദ്യ ചിത്രം ഉണർത്തുപാട്ടാണ്. എന്നാൽ അത് റിലീസായില്ല. പിന്നീട് ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചില്ല് എന്ന സിനിമയിലൂടെയാണ് കനകലതയുടെ സിനിമ ജീവിതം ഔദ്യോഗികമായി ആരംഭിക്കുന്നത്.
ശേഷം കരിയിലക്കാറ്റുപോലെ, രാജാവിൻ്റെ മകൻ, ഒരു യാത്രമൊഴി, ഗുരു, പാർവതി പരിണയം, കിലുകിൽ പമ്പരം, പ്രിയം, ആദ്യത്തെ കൺമണി, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, സ്ഫടികം, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, എൻ്റെ സൂര്യപുത്രിക്ക്, അമ്മയാണെ സത്യം, കൗരവർ, തച്ചോളി വർഗീസ് ചേകവർ, പഞ്ചവർണതത്ത, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ നടിക്ക് മക്കളില്ല. സഹോദരി കുടുംബത്തിനൊപ്പമായിരുന്നു തമാസിച്ച് വന്നത്. മറവിരോഗത്തെ തുടർന്ന് സിനിമയിൽ നിന്നും സീരിയിൽ നിന്നും നടി വിട്ടു നിന്നും. പിന്നീട് താരസംഘടനയായ അമ്മയുടെയും ചലച്ചിത്ര അക്കാദമിയുടെ ധനസഹായത്തോടെയാണ് കുടുംബം കനകലതയുടെ ചികിത്സ നടത്തിയത്.