BTS Networth: ഞെട്ടണ്ട! കൊറിയൻ ബാൻഡായ ബിടിഎസിന്റെ വരുമാനം എത്രയെന്ന് അറിയാമോ?
BTS Members Net Worth: ലോകമെമ്പാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഇവരുടെ മൊത്തം ആസ്തി ലക്ഷങ്ങളും കോടികളും അല്ല, ഇത് അതുക്കും മേലെ.
ദക്ഷിണ കൊറിയയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സംഗീത ബാൻഡാണ് ബിടിഎസ്. സംഗീതത്തിലൂടെ അവർ യുവാക്കളിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. ‘ലവ് യുവർസെല്ഫ്’ (സ്വയം സ്നേഹിക്കൂ) എന്ന ആശയമാണ് പ്രധാനമായും അവർ പാട്ടുകളിലൂടെ പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നത്. ബംഗ്താൻ സോന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ്സ്കോട്ട് എന്നറിയപ്പെടുന്ന ബിടിഎസിന്റെ തലവൻ കിം നംജൂനാണ്. കിം നംജൂൻ, കിം സോക്ജിൻ, മിൻ യൂങ്കി, ജങ് ഹോസോക്ക്, പാക് ജിമിൻ, കിം തേയുങ്, ജോൺ ജങ്കൂക്ക് എന്നിവരാണ് ബാൻഡിലെ ഏഴ് അംഗങ്ങൾ. 2013-ൽ കെ-പോപ്പ് രംഗത്ത് അരങ്ങേറ്റം കുറിച്ച ഇവർ നിലവിൽ നിർബന്ധിത സൈനിക സേവനം മൂലം ഇടവേളയിലാണ്.
ബിടിഎസിന്റെ വരുമാനം
ബിടിഎസിന് പാട്ടിലൂടെ മാത്രമല്ല വരുമാനം ലഭിക്കുന്നത്. ആൽബത്തിന്റെ വിൽപ്പന, ടൂർ, മെർച്ചകൾ, കോൺസെർട്, ബ്രാൻഡുകളുമായുള്ള കോളാബോറേഷൻ എന്നിങ്ങനെ പല വഴികളിലൂടെയും ബിടിഎസിന് വരുമാനം ലഭിക്കുന്നു. ബാൻഡിലെ ഓരോ അംഗങ്ങളും മെക്‌ഡൊണാൾഡ്, സെലിൻ, സാംസങ്, ലൂയി വിറ്റോൺ, ഷനെൽ, കാർടിയർ, ഡിയോർ തുടങ്ങിയ വിവിധ ലോകോത്തര ബ്രാൻഡുകളുടെ ഗ്ലോബൽ അംബാസഡർമാരാണ്. അവർ ഒന്നിച്ചു ചെയ്യുന്ന പാട്ടുകളിലൂടെയും, കൂടാതെ ഒറ്റക്ക് ചെയ്യുന്ന സോളോ പാട്ടുകളിലൂടെയും അവർക്ക് വരുമാനം ലഭിക്കുന്നു. ദക്ഷിണ കൊറിയൻ സമ്പത്ത് വ്യവസ്ഥയിലേക്ക് പ്രതിവർഷം 5 ബില്യൺ ഡോളർ ബിടിഎസ് സംഭാവന ചെയ്യുന്നുണ്ടെന്നാണ് റിപോർട്ടുകൾ.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ബിടിഎസിന്റെ മൊത്തം ആസ്തി ഏകദേശം 3.6 ബില്യൺ ഡോളറാണെന്ന് ടൈംസ് ഓഫ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഓരോ അംഗത്തിന്റെയും ആസ്തി ഏകദേശം 20 മില്യണിൽ കൂടുതലാണ്. ബിടിഎസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ജനശ്രദ്ധ നേടാറുണ്ട്. വിദ്യാർത്ഥികൾക്ക്, ഫൗണ്ടേഷനുകൾക്ക് എന്നിങ്ങനെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇവർ സംഭാവന നൽകാറുണ്ട്.
ബിടിഎസ് അംഗങ്ങളുടെ വ്യക്തികത വരുമാനം:
ജെ-ഹോപ്പ്
ബിടിഎസിലെ ഏറ്റവും ധനികനായ അംഗമാണ് ജെ-ഹോപ്പ്. സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജെ-ഹോപ്പിന്റെ ആസ്തി പ്രതിവർഷം ഏകദേശം 26 മില്യൺ ഡോളറാണ്. ലൂയി വിറ്റോൺ എന്ന ബ്രാൻഡിന്റെ ഗ്ലോബൽ അംബാസഡർ ആണ് താരം. ബിടിഎസിലെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ്.
ഷുഗ
ജെ-ഹോപ്പിന് ശേഷം ബിടിഎസിലെ ഏറ്റവും ധനികനായ അംഗം ഷുഗയാണ്. പ്രതിവർഷം ഏകദേശം 25 മില്യൺ ഡോളറാണ് ഷുഗയുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. വാലെന്റിനോ എന്ന ബ്രാൻഡിന്റെ ഗ്ലോബൽ അംബാസഡറാണ് താരം. നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷനും താരത്തെ കഴിഞ്ഞ വർഷം ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ബിടിഎസിന്റെ പാട്ടുകൾ പ്രൊഡ്യൂസ് ചെയ്യുന്നതിൽ ഷുഗ വലിയ പങ്കുവഹിക്കുന്നു. ബാൻഡിലെ പ്രധാന റാപ്പറും പ്രൊഡ്യൂസറുമാണ് ഷുഗ.
ആർ എം
ബിടിഎസിന്റെ ലീഡറായ ആർ-എമ്മിന്റെ ആസ്തി ഏകദേശം 22 മില്യൺ ഡോളറാണ്. ബോട്ടേഗ വെനെറ്റ എന്ന ബ്രാൻഡിന്റെ ഗ്ലോബൽ അംബാസഡറാണ് താരം. ബിടിഎസിന്റെ ഭൂരിഭാഗം പാട്ടുകൾക്കും വരികൾ എഴുതിയ ആർഎം ബാൻഡിന്റെ പ്രധാന റാപ്പർ കൂടിയാണ്.
ജങ്കൂക്ക്, വി
ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായ ജങ്കൂക്കിന്റെയും വി-യുടെയും ആസ്തി ഏകദേശം 20 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. കാൽവിൻ ക്ലെയിൻ എന്ന ലോകോത്തര ബ്രാൻഡിന്റെ ഗ്ലോബൽ അംബാസഡറായി ജങ്കൂക്ക് തിളങ്ങുമ്പോൾ, വി സെലിനിന്റെയും കാർട്ടിയറിന്റെയും ഗ്ലോബൽ അംബാസഡറാണ്. ഇരുവരും ബാൻഡിലെ പ്രധാന ഗായകന്മാരാണ്.
ജിൻ, ജിമിൻ
ബിടിഎസിലെ മുതിർന്ന അംഗം ജിന്നിന്റെയും, ജിമിനിന്റെയും ആസ്തി ഏകദേശം 20 മില്യൺ ഡോളറാണ്. ജിൻ നിലവിൽ ഗുച്ചിയുടെയും, ജിമിൻ ഡിയോർ, ടിഫനി ആൻഡ് കോ എന്നീ ബ്രാൻഡുകളുടെയും ഗ്ലോബൽ അംബാസഡർമാരാണ്. ബാൻഡിലെ പ്രധാന ഗായകനമാരം ഇരുവരും.
അതേസമയം, നിലവിൽ ബിടിഎസിലെ ആറ് അംഗങ്ങൾ നിർബന്ധിത സൈനിക സേവനത്തിലാണ്. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ സൈനിക സേവനം പൂർത്തിയാക്കി കഴിഞ്ഞ ജൂൺ മാസത്തിലാണ് മടങ്ങിയെത്തിയത്. നിലവിൽ താരം പുതിയ ആൽബത്തിന്റെ തിരക്കിലാണ്. ബാൻഡിലെ അംഗമായ ജെ-ഹോപ്പ് ഒക്ടോബറിൽ സൈനിക സേവനം പൂർത്തിയാക്കി മടങ്ങി വരും. മറ്റ് അംഗങ്ങളുടെ സേവനം അടുത്ത വർഷം ജൂൺ മാസത്തോടെയാണ് പൂർത്തിയാവുക.