Year Ender 2025: 2025-ൽ ഹിറ്റ് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട്; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!
Biggest Flop Malayalam Movies in 2025: ചില പ്രധാന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട പ്രധാന മലയാള ചിത്രങ്ങളെ കുറിച്ച് അറിയാം.
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാള ചലച്ചിത്ര മേഖലയിൽ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇതുവരെ ഏകദേശം 180ലധികം ചിത്രങ്ങളാണ് ഈ വർഷം തീയറ്ററുകളിലേക്ക് എത്തിയത്. ഇതിൽ ഹിറ്റ് ചിത്രങ്ങളും പരാജയപ്പെട്ട ചിത്രങ്ങളും ഉൾപ്പെടുന്നു. ഭൂരിഭാഗവും പരാജയം നേരിട്ടവയാണ്.വൻ താരനിരയും വമ്പൻ ഹൈപ്പും കൊണ്ട് തീയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും, ചില പ്രധാന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ട പ്രധാന മലയാള ചിത്രങ്ങളെ കുറിച്ച് അറിയാം.
മമ്മൂട്ടി ചിത്രമായ ബസൂക്കയും പട്ടികയിലുണ്ട്. ഈ വർഷത്തെ വിഷു റിലീസായി ഏപ്രിൽ 10നായിരുന്നു സിനിമ തിയറ്ററുകളിൽ എത്തിയത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം വമ്പൻ ഹൈപ്പിലാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ ചിത്രം ബോക്‌സ് ഓഫിസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇതിനു പുറമെ ചിത്രത്തിന്റെ തിയേറ്റർ റൺ കഴിഞ്ഞെങ്കിലും ഒടിടിയിൽ അതിന് ഇതുവരെ റിലീസ് കിട്ടിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 26.3 കോടിയാണ് ബസൂക്കയുടെ ആഗോള കളക്ഷൻ.
Also Read:കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്‌ത ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രവും തീയറ്ററുകളിൽ പരാജയം നേരിട്ടിരുന്നു. ചിത്രം റിലീസിനുമുമ്പ് വലിയ ഹൈപ്പ് നേടിയിരുന്നു. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ശക്തമായ താരനിരയുണ്ടായിട്ടും ബോക്‌സ് ഓഫീസിൽ സ്വാധീനമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല.
ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഒന്നാണ് അർജുൻ അശോകൻ നായകനായി എത്തിയ ‘എന്ന് സ്വന്തം പുണ്യാളൻ’. ആകർഷകമായ പ്രമേയവും വാഗ്‌ദാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ, തീയറ്ററിൽ വലിയ പരാജയമായി മാറുകയും ചെയ്‌തിരുന്നു.
ആന്റണി വർഗീസ് നായകനാകുന്ന ദാവീദ് ഏറെ ഹൈപ്പോടെയാണ് തീയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷക്കൊത്ത് വളർന്നില്ല.സാങ്കേതികമായി മികച്ചതായിട്ടും ബോക്‌സ് ഓഫീസിൽ നിരാശാജനകമായ പ്രകടനമാണ് സിനിമ കാഴ്‌ച വച്ചത്.