Himachal Pradesh Landslide: 63 പേര്‍ മരിച്ചു, നിരവധിയാളുകളെ കാണാതായി; ഹിമാചലില്‍ കാലവര്‍ഷം വിതച്ചത് 400 കോടിയുടെ നഷ്ടം
Himachal Pradesh Landslide Updates: ഇതുവരെ 400 കോടിയിലധികം രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലായിരിക്കും. നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, പുനഃസ്ഥാപനം എന്നിവയ്ക്കാണ്.

ഹിമാചലില്‍ നിന്നുള്ള ദൃശ്യം
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങളായി തുടരുന്ന കനത്തെ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 63 ആയി. നിരവധി ആളുകളുടെ കാണാതായി. ഇതുവരെ സംസ്ഥാനത്ത് 400 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കി.
ഇതുവരെ 400 കോടിയിലധികം രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലായിരിക്കും. നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, പുനഃസ്ഥാപനം എന്നിവയ്ക്കാണ്. വിശദമായ നാശനഷ്ടം വിലയിരുത്തുന്നതിന് സമയമെടുക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡിസി റാണ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മാണ്ഡി ജില്ലയിലാണ്. ജൂലൈ ഏഴുവരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മാണ്ഡിയില്‍ നിന്ന് 40 ലധികം പേരെ കാണാതായതായാണ് വിവരം. മഴക്കെടുതിയില്‍ 37 പേരും ഗതാഗതക്കുരുക്കില്‍ പെട്ട് 26 പേരുമാണ് മരിച്ചത്. 250 റോഡുകള്‍ ഇപ്പോഴും ഹിമാചലില്‍ അടച്ചിട്ടിരിക്കുകയാണ്. 500 ലധികം വൈദ്യുത ലൈനുകള്‍ തകര്‍ന്നു. 700 ലധികം കുടിവെള്ള വിതരണ ലൈനുകള്‍ തകര്‍ന്നതായും ഡിസി റാണ പറയുന്നു.
അതേസമയം, മഴക്കെടുതി ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യത്തിന് എന്‍ഡിആര്‍എഫ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.