Delhi bull attack: തെരുവ് കാളയുടെ ആക്രമണം: ഡൽഹിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
A stray bull attacks man: സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ രാജ്യത്തെ തെരുവിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങളുടെ ഭീഷണി എത്ര വലുതെന്നു കാണിച്ചുതരുന്നതാണ്.

ന്യൂഡൽഹി: ഡൽഹിയിലെ റോഡരികിൽ നിന്ന യുവാവിനെ കാള ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ വൈറലാകുന്നു. ഡൽഹിയിലെ ഛത്തർപൂർ മേഖലയിലാണ് സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ രാജ്യത്തെ തെരുവിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങളുടെ ഭീഷണി എത്ര വലുതെന്നു കാണിച്ചുതരുന്നതാണ്.
റോഡരികിൽ സ്കൂട്ടറിനടുത്ത് നിൽക്കുകയായിരുന്ന യുവാവിനെയാണ് കാള അപ്രതീക്ഷിതമായി ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെ പാഞ്ഞടുത്ത കാള കൊമ്പുകൾകൊണ്ട് യുവാവിനെ ഉയർത്തി നിലത്തടിച്ചു. തുടർന്ന് റോഡിന്റെ നടുവിലേക്ക് വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വടികളും കമ്പുകളും ഉപയോഗിച്ച് ഏറെ പരിശ്രമിച്ചാണ് കാളയെ ഓടിച്ചത്.
നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഡൽഹിയിലെ അലിപൂർ മേഖലയിൽ ഒരു തെരുവ് കാള രണ്ട് പേരെ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ 67 വയസ്സുകാരൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എല്ലാവരും തെരുവിലുള്ള മൃഗങ്ങളുടെ ശല്യത്തെപ്പറ്റി അധികൃതർ ശ്രദ്ധിക്കണമെന്ന് ഊന്നിപ്പറയുന്നു.
പൊതുജനങ്ങളുടെ ആശങ്കകൾ
ഈ വീഡിയോ അതിവേഗം വൈറലായതോടെ, രാജ്യത്തെ തെരുവ് മൃഗങ്ങളുടെ വർദ്ധിച്ചുവരുന്ന ശല്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്. നിരവധി പേർ ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.
Also read – 5000 കടന്ന കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 4 മരണം, രോഗബാധിതർ കൂടുതൽ കേരളത്തിൽ
“ഇന്ത്യയിൽ ഇതൊരു വലിയ പ്രശ്നമാണ്. ദിവസവും ഇത്തരം വീഡിയോകൾ കാണുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യണം.മൃഗങ്ങൾ ഒരു വ്യക്തിയെ ലക്ഷ്യം വെച്ചാൽ പിന്നെ രക്ഷപ്പെടാൻ കഴിയില്ല,” ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ കുറിച്ചത് ഇങ്ങനെ: “ഇന്ത്യൻ നഗരങ്ങളിലെ റോഡുകളിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് നിർത്തണം. തെരുവ് നായകളും കന്നുകാലികളും വലിയ ശല്യമായി മാറുകയാണ്.”
മറ്റൊരു കമന്റ് ഇങ്ങനെ: “തെരുവ് നായകളായാലും കാളകളായാലും അതൊരു വലിയ വിപത്തായി മാറിയിരിക്കുന്നു. നായയുടെ കടി മൂലം ഓരോ വർഷവും നിരവധി മരണങ്ങൾ സംഭവിക്കുന്നു, അതേസമയം അലഞ്ഞുതിരിയുന്ന പശുക്കളും കാളകളും നിരന്തരം റോഡപകടങ്ങൾക്ക് കാരണമാകുന്നു, അവയിൽ പലതും മാരകമായ അപകടങ്ങളാണ്. ഈ മൃഗങ്ങൾ റോഡിൽ അലഞ്ഞുതിരിയുന്നതിന്റെ എണ്ണം ഭയപ്പെടുത്തുന്നതാണ്, ഇത് പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.”