Viral News : 70 വർഷം ലിവിങ്ങ് ടുഗെതർ, 95-കാരൻ ഒടുവിൽ 90-കാരിയെ വിവാഹം ചെയ്തു
മക്കളും പേരക്കുട്ടികളും ഗ്രാമവാസികളും അടക്കം പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയയിലും തരംഗമായി. ദമ്പതികളുടെ എട്ട് മക്കളിൽ മൂന്ന് പേർ സർക്കാർ അധ്യാപകരും ഒരാൾ നഴ്‌സുമാണ്

രാജസ്ഥാനിലെ ഒരു കല്യാണ വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. 70 വർഷമായി ലിവിങ്ങ് ടുഗെതറിലായിരുന്നു 95-കാരനും 90-കാരിയുമാണ് ഒടുവിൽ മക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്.രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയിലെ ഗാലന്ദർ ഗ്രാമത്തിലായിരുന്നു ആ വൈറൽ കല്യാണം. വൃദ്ധ ദമ്പതികളായ രാമ ഭായ് അങ്കാരിയും ജീവ്‌ലി ദേവിയുമാണ് പരമ്പരാഗത ആചാരങ്ങളിലൂടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന തങ്ങളുടെ ബന്ധം ഒടുവിൽ ഔപചാരികമാക്കിയത്.
നല്ല ചെറുപ്പത്തിൽ ജീവിതം ആരംഭിച്ച ഇരുവർക്കും ആചാര പ്രകാരം വിവാഹം കഴിക്കാൻ സാധിച്ചിരുന്നില്ല. ആഗ്രഹം പങ്കുവെച്ചതോടെ എട്ട് മക്കളങ്ങുന്ന ഇവരുടെ കുടുംബം മാതാപിതാക്കളുടെ ആഗ്രഹത്തിനൊപ്പം നിന്നു. വെറും കല്യാണമല്ല ഹൽദിയും, ഡിജെ പാർട്ടിയും വരെ നടത്തിയാണ് മക്കൾ വിവാഹം ആഘോഷിച്ചത്.
മക്കളും പേരക്കുട്ടികളും ഗ്രാമവാസികളും അടക്കം പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയയിലും തരംഗമായി. ദമ്പതികളുടെ എട്ട് മക്കളിൽ മൂന്ന് പേർ സർക്കാർ അധ്യാപകരും ഒരാൾ നഴ്‌സുമാണ് . മൂത്ത മകൻ കർഷകനാണെങ്കിൽ മക്കളായ ശിവറാം, കാന്തിലാൽ, സുനിത എന്നിവർ അധ്യാപകരാണ്. മകൾ അനിതയാണ് നഴ്‌സായി ജോലി ചെയ്യുന്നത്. എന്തായാലും വൃദ്ധ ദമ്പതികളുടെ ആഗ്രഹം നടത്തിയ സന്തോഷത്തിലാണ് മക്കൾ.