Viral women from Bihar: ആചാരമല്ല മാതൃകയാണ്…. ആചാരങ്ങളെ ഭേദിച്ച്, ഭർത്താവിന്റെ ചിതയ്ക്ക് ഭാര്യ തീകൊളുത്തി
Woman performs last rites of husband in Bihar: പുരുഷാധിപത്യ സമൂഹത്തിൽ, അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരു സ്ത്രീ മുന്നോട്ട് വരുന്നത് തീർച്ചയായും ഒരു വഴിത്തിരിവാണ്. എല്ലാവർക്കും ഒരു മാതൃകയാക്കാവുന്ന ഈ പ്രവൃത്തി, ലിംഗഭേദമില്ലാതെ മനുഷ്യബന്ധങ്ങളെയും സ്നേഹത്തെയും ഉയർത്തിപ്പിടിക്കുന്നു.

Women From Bihar
പട്ന: ബിഹാറിലെ ഖഗരിയ ജില്ലയിൽ, കാലപ്പഴക്കമുള്ള ഹൈന്ദവ ആചാരങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട്, ഒരു സ്ത്രീ തൻ്റെ ഭർത്താവിൻ്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. കുടുംബത്തിലെ പുരുഷന്മാർ മാത്രം ചെയ്യാറുള്ള ഈ കർമ്മം ചെയ്ത് മീനാദേവി എന്ന അൻപതുകാരി മാതൃകയായി. മാസങ്ങളായി അസുഖബാധിതനായിരുന്ന ഭർത്താവ് കൃഷ്ണാനന്ദ് മിശ്രയുടെ ‘ശ്രാദ്ധ കർമ്മം’ കഴിഞ്ഞ വെള്ളിയാഴ്ച മീനാദേവി ഭംഗിയായി പൂർത്തിയാക്കി. മക്കളില്ലാത്തതിനാൽ, ഭർത്താവിൻ്റെ ചിതയ്ക്ക് അഗ്നി പകർന്നത് മീനാദേവിയാണ്. അഗുവാനി ഗംഗാ ഘട്ടിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ്.
“അന്ത്യകർമ്മങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാമായിരുന്നു. പരമ്പരാഗതമായി സ്ത്രീകളെ ശ്മശാനത്തിലേക്ക് പോകാൻ അനുവദിക്കാറില്ല. പക്ഷേ, എൻ്റെ ഭർത്താവിനോടുള്ള അളവറ്റ സ്നേഹവും ബഹുമാനവുമാണ് അന്ത്യകർമ്മങ്ങൾ ചെയ്യാൻ എനിക്ക് ധൈര്യം നൽകിയത്. അങ്ങേയറ്റം വേദനാജനകമായിരുന്നെങ്കിലും ഞാൻ മുന്നോട്ട് വന്നു,” മീനാദേവി പറഞ്ഞു.
പുരുഷാധിപത്യ സമൂഹത്തിൽ, അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരു സ്ത്രീ മുന്നോട്ട് വരുന്നത് തീർച്ചയായും ഒരു വഴിത്തിരിവാണ്. എല്ലാവർക്കും ഒരു മാതൃകയാക്കാവുന്ന ഈ പ്രവൃത്തി, ലിംഗഭേദമില്ലാതെ മനുഷ്യബന്ധങ്ങളെയും സ്നേഹത്തെയും ഉയർത്തിപ്പിടിക്കുന്നു.