Rashmika Mandanna: വികസനത്തിന് വോട്ട് പരാമര്‍ശത്തിന് പിന്നാലെ എയറിലായി രശ്മിക മന്ദാന

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ ബിഹാരി വാജ്‌പേയി സെവ്രി നാവ ഷെവ അടല്‍ സേതുവിനെക്കുറിച്ച് എഎന്‍ഐയോടാണ് രശ്മിക തന്റെ അഭിപ്രായം വ്യക്തമാക്കിയത്

Rashmika Mandanna: വികസനത്തിന് വോട്ട് പരാമര്‍ശത്തിന് പിന്നാലെ എയറിലായി രശ്മിക മന്ദാന
Published: 

18 May 2024 13:23 PM

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളെ പ്രശംസിച്ച തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയ്ക്ക് ട്രോള്‍ മഴ. രശ്മികയുടെ വീഡിയോ പുറത്തുവന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് രശ്മിക എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ ബിഹാരി വാജ്‌പേയി സെവ്രി നാവ ഷെവ അടല്‍ സേതുവിനെക്കുറിച്ച് എഎന്‍ഐയോടാണ് രശ്മിക തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് അടല്‍ സേതുവെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

”രണ്ട് മണിക്കൂര്‍ സമയം എടുക്കുന്ന യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാം. ഇതൊക്കെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നതിനും അപ്പുറത്താണ്. നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്കും ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലേക്കും ഇതുവഴി പോകാം,” രശ്മിക പറഞ്ഞു.

ഏഴ് വര്‍ഷം കൊണ്ട് നമ്മള്‍ ഈ വലിയ പാലം നിര്‍മ്മിച്ചു. അടല്‍ സേതു വെറുമൊരു പാലമല്ല, യുവ ഇന്ത്യക്ക് ഒരു ഗ്യാരണ്ടിയാണ്. ഇതുപോലുള്ള 100 അടല്‍ പാലങ്ങള്‍ സ്ഥാപിക്കണമെന്നും വികസനത്തിന് വോട്ട് ചെയ്യുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ര്ശ്മികയുടെ വീഡിയോ പുറത്തുവന്നതോടെ ഇവര്‍ക്കെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്. നാഷണല്‍ ക്രഷ് നാഷണലിസ്റ്റ് ആയെന്നും മണിപ്പൂരിലെ കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നത് കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.

ആദ്യം മണിപ്പൂരിലേക്ക് പോകണം, ഇവിടെയല്ല കാണേണ്ടത്, എത്ര രൂപയാണ് ഈ പരസ്യത്തിന് ബിജെപി നല്‍കിയതെന്ന് എന്നുപോലും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ‘2020ല്‍ ആദായനികുതി വകുപ്പ് രശ്മികയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു ഇപ്പോള്‍ രശ്മിക സര്‍ക്കാരിനെ പുകഴ്ത്തുന്നത് കാണാം,’ എന്നാണ് ഒരാള്‍ എഴുതിയത്.

‘ആളുകളെ ബന്ധിപ്പിക്കുന്നതിലും ജീവിതം മെച്ചപ്പെടുത്തുന്നതിലും കൂടുതല്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല,’ എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മോദി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്താണ് അടല്‍ സേതു

22 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥമാണ് അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്നത്.

17,843 കോടി രൂപ ചെലവിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. ജപ്പാനില്‍ നിന്നുള്ള കമ്പനിയാണ് ഈ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്കിന് വായ്പ അനുവദിച്ചത്. ഈ വര്‍ഷം ജനുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തത്.

മുംബൈയിലെ ശിവ്രി മുതല്‍ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ഈ പാലത്തിന്റെ ദൈര്‍ഘ്യം. 16.5 കി.മീ. കടലിനു മുകളിലൂടെയുള്ള പാലം വന്നതോടെ മുംബൈ നവിമുംബൈ യാത്രാസമയം ഒന്നര മണിക്കൂറില്‍ നിന്ന് 20 മിനിറ്റായി കുറയുന്നു.

പാലത്തിന്റെ 16.5 കിലോമീറ്റര്‍ കടലിനു മുകളിലൂടെയാണ് സ്ഥിതി ചെയ്യുന്നത്. 5.5 കിലോമീറ്റര്‍ ഇരുകരകളില്‍നിന്നും കടലിലേക്കു ബന്ധിപ്പിക്കുന്ന പാതയാണ്. 27 മീറ്റര്‍ വീതിയാണ് ഈ പാലത്തിന് ഉള്ളത്. 1089 തൂണുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 100 വര്‍ഷം ആയുസ്സാണ് പാലത്തിന് കണക്കാക്കുന്നത്. ഭൂകമ്പ, സൂനാമി പ്രതിരോധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

അഞ്ച് വര്‍ഷത്തെ അതിവേഗ നിര്‍മ്മാണം

അഞ്ചു വര്‍ഷം മാത്രമെടുത്താണ് അടല്‍ സേതു എന്ന വലിയ പാലം നിര്‍മിച്ചത്. പുതിയ സാങ്കേതികവിദ്യ പാലത്തിന് ഉറപ്പു നല്‍കുന്നതിനുപുറമെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ തത്സമയ ട്രാഫിക് വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നു. പാലത്തിലും അതിനടുത്തുള്ള റോഡുകളിലുമുള്ള ട്രാഫിക്കിനെക്കുറിച്ചും ഈ മേഖലയില്‍ അപകടം നടന്നാല്‍ അതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

സ്റ്റീല്‍ ഡെക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് പാലത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. കൊറുഗേറ്റഡ് സ്റ്റീല്‍ പ്ലേറ്റുകളും അവയ്ക്ക് ശക്തി പകരാന്‍ സ്റ്റീല്‍ബീമുകളും ഉപയോഗിച്ചിരിക്കുന്നത് ഘടനാപരമായ പാലത്തിന് ഒരുമ നല്‍കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ