Agniveer Rules Clarified: അഗ്നിപഥ് പദ്ധതിയിലെ പുതിയ ഇളവുകൾ നിലവിലെ 9 ബാച്ചുകൾക്ക് മാത്രം; പുതുതായി ചേരുന്നവർക്ക് പഴയ 4 വർഷ നിയമം തുടരും
Agnipath Scheme Changes: Post-2026 Recruits to Serve Original 4-Year Term: റിക്രൂട്ട്‌മെൻ്റ് രീതിയിൽ മാറ്റം വരുത്തിയിട്ടില്ല. 2026 ഡിസംബറിന് ശേഷം വരുന്ന പുതിയ ബാച്ചുകൾക്ക് തുടക്കത്തിൽ പ്രഖ്യാപിച്ച നാല് വർഷത്തെ നിയമം തന്നെയായിരിക്കും ബാധകമാകുക. എന്നാൽ വരും കാലങ്ങളിൽ സായുധ സേനയുടെ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഭാവിയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ നിലവിൽ സേവനമനുഷ്ഠിക്കുന്ന ഒമ്പത് ബാച്ചുകളിലെ അഗ്നിവീറുകൾക്ക് മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. 2026 ഡിസംബറിന് ശേഷം സേനയിൽ ചേരുന്ന പുതിയ അഗ്നിവീറുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും, അവർക്ക് നാല് വർഷത്തെ സേവന കാലാവധി തന്നെയായിരിക്കും ഉണ്ടാവുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സംയുക്ത സൈനിക മേധാവി എൻ.എസ് രാജ സുബ്രമണി പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ഒരു സ്ഥിരം സംവിധാനമല്ലെന്നും, മറിച്ച് നിലവിലുള്ള ബാച്ചുകൾക്ക് മാത്രമുള്ള ഒരു ക്രമീകരണം മാത്രമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നിലവിലെ 9 ബാച്ചുകളിലാണ് മാറ്റം ഉണ്ടാവുക. ഓരോ ബാച്ചിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം അഗ്നിവീറുകൾക്ക് നാല് വർഷം പൂർത്തിയാകുമ്പോൾ തന്നെ സേനയിൽ സ്ഥിരനിയമനം ലഭിക്കും. പഴയ നിയമത്തിലെ ഈ വ്യവസ്ഥയിൽ മാറ്റമില്ല. എന്നാൽ പുറത്തുപോകേണ്ടി വരുന്ന ബാക്കി 75 ശതമാനം പേർക്ക് രണ്ട് വർഷം കൂടി സേനയിൽ തുടരാൻ അവസരം നൽകും. അതായത് ആകെ ആറ് വർഷത്തെ സേവനത്തിന് ശേഷം അവർക്കും സേനയിൽ സ്ഥിരനിയമനം ലഭിക്കും. എന്നാൽ സ്ഥിരനിയമനം ലഭിക്കാൻ ചില കർശന നിബന്ധനകളും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.
Also Read: Chennai Metro: മെട്രോ സർവീസ് സമയത്തിൽ മാറ്റം; ഗ്രീൻ, ബ്ലൂ ലൈൻ ട്രെയിനുകളുടെ സമയക്രമം ഇതാ…
സേനയിൽ തുടരാനുള്ള താല്പര്യം, മികച്ച ശാരീരികക്ഷമത, അച്ചടക്കം, മികച്ച ട്രാക്ക് റെക്കോർഡ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആറ് വർഷത്തിന് ശേഷം സ്ഥിര നിയമനം നൽകുക. ഇതോടൊപ്പം, രണ്ട് വർഷം വൈകി സ്ഥിരനിയമനം ലഭിക്കുന്ന 75 ശതമാനം പേർക്ക് സീനിയോറിറ്റി നഷ്ടപ്പെടുമോ എന്ന ആശങ്കയും സർക്കാർ പരിഹരിച്ചിട്ടുണ്ട്. ആറ് വർഷത്തിന് ശേഷം സ്ഥിരനിയമനം ലഭിക്കുന്നവർ തങ്ങളുടെ ബാച്ചിൽ നിന്ന് തന്നെ ആദ്യം കയറിയ 25 ശതമാനം പേരുടെ തൊട്ടുതാഴെയായിരിക്കും റാങ്കിൽ വരിക. പിന്നീട് വരുന്ന ബാച്ചുകളിലുള്ളവർ ഇവരെ ഒരിക്കലും മറികടക്കില്ല എന്ന് ചുരുക്കം.
അതേസമയം, അഗ്നിപഥ് പദ്ധതി സർക്കാർ പിൻവലിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുക അഭ്യൂഹങ്ങൾ അധികൃതർ തള്ളി. റിക്രൂട്ട്‌മെൻ്റ് രീതിയിൽ മാറ്റം വരുത്തിയിട്ടില്ല. 2026 ഡിസംബറിന് ശേഷം വരുന്ന പുതിയ ബാച്ചുകൾക്ക് തുടക്കത്തിൽ പ്രഖ്യാപിച്ച നാല് വർഷത്തെ നിയമം തന്നെയായിരിക്കും ബാധകമാകുക. എന്നാൽ വരും കാലങ്ങളിൽ സായുധ സേനയുടെ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഭാവിയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു.
English Summary
The recent Agnipath scheme changes, offering a two-year extension and permanent absorption for 75% of recruits, apply only to the nine currently serving batches, not post-2026 recruits.