Ahmedabad Plane Crash: ‘എയർ ഇന്ത്യക്ക് ഞാൻ രണ്ടുകോടി രൂപ അങ്ങോട്ട് തരാം; പിതാവിനെ തിരികെത്തരൂ’; വിങ്ങലായി യുവതിയുടെ വാക്കുകൾ
Ahmedabad Plane Crash: അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിളുകൾ നൽകാൻ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിൽ കാത്തിരിക്കുമ്പോഴാണ് ഫാൽഗുനി വികാരഭരിതയായി പ്രതികരിച്ചത്.
അഹമ്മദാബാദ്: രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നടന്നത്. 242 പേരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് – ഗ്യാറ്റ്വിക് വിമാനമാണ് മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരടക്കം 294 പേരുടെ മരണത്തിനിടെയാക്കിയ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തി നേടിയിട്ടില്ല. പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നപ്പോൾ ചിലർക്ക് നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ തന്നെയാണ്.
ദുരന്തമുഖത്തിൽ നിന്ന് കണ്ണീരിലാഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ് എവിടെയും കേൾക്കാൻ സാധിക്കുന്നത്. ഇതിനിടെയിൽ ഇപ്പോഴിതാ ഒരു യുവതിയുടെ വാക്കുകളാണ് ആളുകളെ നൊമ്പരപ്പെടുത്തിയിരിക്കുന്നത്. വിമാനാപകടത്തിൽ മരണപ്പെട്ട തന്റെ പിതാവിനായി ടാറ്റ ഗ്രൂപ്പിന് മുന്നിൽ അപേക്ഷിക്കുകയാണ് ഈ യുവതി. തന്റെ പിതാവിനെ തിരികെതന്നാൽ ടാറ്റ ഗ്രൂപ്പിന് രണ്ട് കോടി രൂപ തരാമെന്നാണ് ഫാൽഗുനി എന്ന യുവതി വീഡിയോയിൽ പറയുന്നത്.
അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിളുകൾ നൽകാൻ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിൽ കാത്തിരിക്കുമ്പോഴാണ് ഫാൽഗുനി വികാരഭരിതയായി പ്രതികരിച്ചത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം കൊണ്ട് എപ്പോഴെങ്കിലും തന്റെ പിതാവിനെ തിരികെ കൊണ്ടുവരുമോ എന്നും യുവതി ചോദിച്ചു. എയർ ഇന്ത്യയിൽ എപ്പോഴും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന തന്റെ പിതാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെങ്കിൽ താൻ അവർക്ക് രണ്ട് കോടി രൂപ നൽകുമെന്നാണ് യുവതി പറയുന്നത്. തന്റെ അമ്മ രോഗിയാണ്, അവർക്ക് തന്റെ പിതാവിനെ വേണം. തനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവും വേണമെന്നും ഫാൽഗുനി പറഞ്ഞ് കരഞ്ഞു.
അതേസമയം ഇതുവരെ 219 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചതെന്ന് അധികൃതർ അറിയിച്ചു. ആറ് യാത്രക്കാരുടേതുൾപ്പെടെ തിരിച്ചറിഞ്ഞ 26 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുന്ന നടപടി പൂർത്തിയാക്കാൻ 72 മണിക്കൂറോളമെടുക്കും. വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിൽ എത്തി ഡിഎൻഎ സാമ്പിളുകൾ നൽകി. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.