Ahmedabad Plane Crash: കാണാമറയത്തുള്ളത്ത് 50ലധികം പേര്‍; സന്തോഷം കണ്ണുനീരാക്കിയ വിമാന ദുരന്തം
Ahmedabad Plane Crash Updates: നിലവില്‍ മരിച്ചവരെ കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം തുടരുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ രതീഷ് പരിശോധനയ്ക്കായി ഉടന്‍ ഹൈദരാബാദിലെത്തും.
അഹമ്മദാബാദ്: രാജ്യത്തിന്റെ സന്തോഷം ഒറ്റ നിമിഷം കൊണ്ട് കണ്ണുനീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 50 ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. വിമാനത്തിലുള്ള 242 പേര്‍ക്ക് പുറമെയുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്.
നിലവില്‍ മരിച്ചവരെ കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം തുടരുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ രതീഷ് പരിശോധനയ്ക്കായി ഉടന്‍ ഹൈദരാബാദിലെത്തും.
ഒരു കുന്ന് സ്വപ്‌നങ്ങളുമായി വിമാനചിറകിലേറിയവരാണ് എല്ലാം ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞത്. ബ്രിട്ടീഷ് പൗരന്‍ ജാമിയുടെയും പങ്കാളി ഫിയോഞ്ജര്‍ ഗ്രീന്‍ലോ മീക്കിന്റെയും അവസാന വീഡിയോ കണ്ടതോര്‍ക്കുന്നതില്ലേ. ഇന്ത്യയിലെ കാഴ്ചകള്‍ കണ്ട് സ്വന്തം നാട്ടിലേക്ക് മടങ്ങും മുമ്പ് ജാമി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ചു. ഗുഡ് ബൈ ഇന്ത്യ എന്ന് അദ്ദേഹം അതില്‍ പറയുന്നുണ്ടെങ്കിലും അത് ഒരു യഥാര്‍ത്ഥ വിട പറച്ചിലിലാണ് കലാശിച്ചത്.




വിമാനത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും അത് ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാരനായ രവിയുടെ ജീവിതത്തിലേക്കാണ്. വിമാനം അഗ്നിഗോളമായപ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത് അമ്മ സരളയെയും മകള്‍ ആദ്യയെയുമാണ്. ആ മനുഷ്യന്റെ അലമുറകള്‍ ഇപ്പോളും ബിജെ മെഡിക്കല്‍ കോളേജിന് മുന്നില്‍ കേള്‍ക്കാം.
ഭാര്യ ഭാരതി ബെന്നിന്റെ ചിതാഭസ്മവുമായാണ് അര്‍ജുന്‍ മനുഭായി പടോലിയ ഇന്ത്യയിലേക്കെത്തിയത്. ഗ്രാമത്തില്‍ ചിതാഭസ്മം ഒഴുക്കി മടങ്ങുന്നതിനിടെയാണ് അയാളെയും മരണം തട്ടിയെടുത്തത്. അമ്മ നഷ്ടപ്പെട്ട നാലും എട്ടും വയസുള്ള തന്റെ പെണ്‍മക്കളെ അനാഥരാക്കി കൊണ്ട് അര്‍ജുന്‍ വിടപറഞ്ഞു.
ഭാര്യ മരിച്ച് ഒറ്റയ്ക്ക് കഴിയുന്ന പിതാവിന് എന്നും കൂട്ടായി താന്‍ ഉടനെ തിരിച്ചുവരുമെന്ന വാക്ക് നല്‍കിയാണ് സുമീത് ലണ്ടനിലേക്ക് യാത്ര തിരിച്ചത്. വിമാനം പറക്കുന്നതിന് മുമ്പ് സുമീത് അച്ഛനെ വിളിച്ചിരുന്നു. ലണ്ടനിലെത്തിയ ശേഷം വിളിക്കാമെന്ന് പറഞ്ഞെങ്കിലും ആ വിളിയെത്തിയില്ല. സുമീതിന്റെ പിതാവിനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത മാത്രം.