Ahmedabad Air India Crash: വിമാനാപകടമുണ്ടായാൽ ആദ്യം തേടുന്നത്; എന്താണ് ഓറഞ്ച് നിറമുള്ള ‘ബ്ലാക്ക് ബോക്‌സ്’?
Air India Plane Crash in Ahmedabad Updates: ഒരു വിമാനാപകടം ഉണ്ടായാൽ ആദ്യം തേടുന്നത് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ആണ്. എന്താണ് ബ്ലാക്ക് ബോക്സ് എന്ന് നോക്കാം.

അഹമ്മദാബാദ് വിമാനാപകടം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 110 കടന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നു വീണത്. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേർ ഉണ്ടായിരുന്നതായാണ് വിവരം. ഒരു വിമാനാപകടം ഉണ്ടായാൽ ആദ്യം തേടുന്നത് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ആണ്. എന്താണ് ബ്ലാക്ക് ബോക്സ് എന്ന് നോക്കാം.
എന്താണ് ബ്ലാക്ക് ബോക്സ്?
ബ്ലാക്ക് ബോക്‌സ് അഥവാ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ വിമാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തപ്പെടുന്ന ഒരു ഉപകരണമാണ്. സാധാരണ ഗതിയില്‍ രണ്ട് ബ്ലാക്ക് ബോക്‌സുകളാണ് ഒരു വിമാനത്തിൽ ഉണ്ടാവുക. ഒന്ന് വിമാനത്തിന്റെ മുന്നിലും രണ്ടാമത്തേത് പിന്നിലുമായിരിക്കും. ഇത് ഫ്‌ളൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് കൊണ്ട് തന്നെ, വിമാനാപകടങ്ങൾ ഉണ്ടാകുമ്പോൾ അതിന് തൊട്ടുമുന്‍പുവരെ വ്യോമയാത്രയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും.
പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, എഞ്ചിന്‍ ശബ്ദങ്ങള്‍, വിമാനവുമായി ബന്ധപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങള്‍ തുടങ്ങി എല്ലാം തന്നെ റീ റെക്കോർഡറിൽ പതിയും. കൂടാതെ, വിമാനം എത്ര ഉയരത്തിലാണ് പറന്നത്, വേഗത എത്രയായിരുന്നു, ഏത് ദിശയിലാണ് സഞ്ചരിച്ചത് തുടങ്ങിയ വിവരങ്ങളും ബ്ലാക്ക് ബോക്സ് റെക്കോർഡ് ചെയ്യും.
സാങ്കേതികത്തകരാറാണോ, കാലാവസ്ഥാപ്രശ്‌നമാണോ, പൈലറ്റുമാരുടെ വീഴ്ചയാണോ വിമാനാപകടത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ സഹായിക്കും. അതിനാൽ വിമാനാപകടം ഉണ്ടായാൽ ആദ്യം തേടുന്നത് ബ്ലാക് ബോക്‌സാണ്. ബ്ലാക്ക് ബോക്സുകളില്‍ നിന്ന് ഡേറ്റകൾ വീണ്ടെടുക്കുന്നതിനായി ഏകദേശം 10 മുതല്‍ 15 ദിവസം വരെ ആവശ്യമായി വന്നേക്കാം.
ALSO READ: അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; 242 യാത്രക്കാരുണ്ടെന്ന് വിവരം, രക്ഷാപ്രവർത്തനം ആരംഭിച്ചു
ബ്ലാക്ക് ബോക്സ് എങ്ങനെയാണ് സുരക്ഷിതമായി നിലകൊള്ളുന്നത്?
ടൈറ്റാനിയം കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വെള്ളത്തിൽ വീണാലും ഉറപ്പുള്ള പ്രതലത്തിൽ വീണാലും ഇത് കേടുകൂടാതെയിരിക്കും. ബ്ലാക്ക് ബോക്സ് സുരക്ഷിതമായി ഒരു പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നു. കടുത്ത ചൂടോ, ഈര്‍പ്പമോ, തണുപ്പോ തുടങ്ങിയ ഒന്നും തന്നെ ബ്ലാക്ക് ബോക്സിനെ ബാധിക്കില്ല. ഇതിന് ഏകദേശം നാലര കിലോ ഭാരം വരും.
നിറം ഓറഞ്ചാണ്
പേര് ബ്ലാക്ക് ബോക്സ് എന്നാണെങ്കിലും ഇതിന്റെ നിറം ഓറഞ്ചാണ്. അതുകൊണ്ട് തന്നെ അപകടമുണ്ടായ സ്ഥലത്ത് ഇത് എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും. എന്നാൽ, ഇതിന് എങ്ങനെയാണ് ബ്ലാക്ക് ബോക്സ് എന്ന പേര് വന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 1950കളിലാണ് ഇവയുടെ ഉപയോഗം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് വാറനാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.