Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; സംഭവിച്ചത് അറിയില്ലെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ; ഡിഎൻഎ സാമ്പിൾ ശേഖരണം തുടരുന്നു
Air India Plane Crash: വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തും.

Air India Plane Crash
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എന്താണ് സംഭവിച്ചതെന്ന് ടാറ്റാ ഗ്രൂപ്പിന് അറിയില്ലെന്ന് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഒരു പതിവ് യാത്ര, ദുരന്തമായി മാറിയതിന്റെ കാരണം അറിയുക തന്നെ വേണം. ഊഹാപോഹങ്ങൾ പലത് പ്രചരിക്കുന്നുവെന്നും ക്ഷമയാണ് വലുതെന്നും ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
അതേസമയം വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തും. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയ്ക്ക് 241 യാത്രക്കാരുടെ മരണത്തിനിടെയാക്കിയ വിമാനപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ ഒരു ബ്ലാക് ബോക്സും, ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം പരിശോധിക്കുകയാണ്. എയർക്രാഫ്റ്റ് ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഫോറൻസിക് സംഘം ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും അന്വേഷണം നടക്കുന്നുണ്ട്.
Also Read:അഹമ്മദാബാദിലെ വിമാനദുരന്തം; അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് എയര്‍ ഇന്ത്യ
അന്വേഷണത്തിൽ എൻഐഎയും ഗുജറാത്ത് എടിഎസും സഹായിക്കുന്നുണ്ട്. ഇതിനു പുറമെ യുഎസിൽ നിന്നും, യുകെയിൽ നിന്നും അന്വേഷണത്തിന്റെ ഭാഗമാകാൻ എത്തുന്ന സംഘങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തും. അതേസമയം അന്വേഷണത്തില്‍ പൂര്‍ണമായ സുതാര്യത പുലര്‍ത്തുമെന്നും, എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യ ബോയിങ് 787 വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നിലനില്‍ക്കുന്നിടത്തോളം കാലം പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1:43നാണ് വിമാന ദുരന്തമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഇവിടെയുണ്ടായിരുന്നു യുവ ഡോകടർമാരടക്കം നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്.