Air India International Flights: അപകടത്തിന് പിന്നാലെ നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് മുതൽ; എയർ ഇന്ത്യ
Air India Restore International Flights: ജൂലൈ 16 നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ, ലണ്ടൻ, സൂറിച്ച്, ടോക്കിയോ, സിയോൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. ഒക്ടോബർ ഒന്ന് മുതൽ മാത്രമെ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

Air India
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം നിർത്തിവച്ച എയർ ഇന്ത്യ (Air India) സർവീസുകൾ ഓഗസ്റ്റ് ഒന്ന് മുതൽ ഭാഗികമായി പുനസ്ഥാപിക്കും. അതേസമയം ഒക്ടോബർ ഒന്ന് മുതൽ മാത്രമെ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് എയർ ഇന്ത്യ താൽക്കാലികമായി സർവീസുകൾ നിർത്തിവച്ചത്.
ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ആഴ്ച്ചയിൽ അഞ്ച് ദിവസമാണ് സർവീസ് നടത്തിയിരുന്നത്. ഡൽഹി – ഹീത്രോ റൂട്ടിൽ റദ്ദാക്കിയ 24 പ്രതിവാര സർവീസുകൾ ഇന്ന് മുതൽ വീണ്ടും പുനസ്ഥാപിക്കും.
ജൂലൈ 16 നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ, ലണ്ടൻ, സൂറിച്ച്, ടോക്കിയോ, സിയോൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. വാഷിംഗ്ടൺ, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ടൊറന്റോ, വാൻകൂവർ എന്നിവയുൾപ്പെടെ നിരവധി വടക്കേ അമേരിക്കൻ നഗരങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം കുറവാണ്. ഓസ്‌ട്രേലിയൻ നഗരങ്ങളായ മെൽബൺ, സിഡ്നി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് മുമ്പ് ആഴ്ചയിൽ എല്ലാ ദിവസവും ഉണ്ടായിരുന്നു. എന്നാൽ ഇത് നിലവിൽ അഞ്ചായി കുറയും.
ഡിജിസിഎയുടെ ഇടപെടുലും, മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സംഘർഷങ്ങളും മൂലമുണ്ടായ തടസ്സങ്ങൾ കാരണം എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ 15 ശതമാനമാണ് വെട്ടിക്കുറച്ചത്.