AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alaska Summit: പുടിന്‍-ട്രംപ് ചര്‍ച്ചകള്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും?

Trump Putin Meeting Impact: റഷ്യയും യുഎസും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാലും ഇന്ത്യയ്ക്ക് ഗുണമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്നാരോപിച്ച് വീണ്ടും അധിക നികുതി ചുമത്തിയിരുന്നു.

Alaska Summit: പുടിന്‍-ട്രംപ് ചര്‍ച്ചകള്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും?
വ്‌ളാഡിമിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 16 Aug 2025 06:38 AM

യുക്രെയ്‌ന് മേല്‍ റഷ്യ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചേര്‍ന്ന് നടത്തിയ നിര്‍ണായക ചര്‍ച്ച അവസാനിച്ചു. അന്തിമ കരാറില്‍ എത്തിച്ചേരാനായില്ലെന്നും എന്നാല്‍ വൈകാതെ തന്നെ ലക്ഷ്യത്തിലെത്തുമെന്നും ഇരുനേതാക്കളും പ്രതികരിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ഫലം കാണാതെ പോയത്.

എന്നാല്‍ റഷ്യയും യുഎസും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാലും ഇന്ത്യയ്ക്ക് ഗുണമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്നാരോപിച്ച് വീണ്ടും അധിക നികുതി ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്-പുടിന്‍ ചര്‍ച്ച.

യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതലാണ് ഇന്ത്യ വന്‍തോതില്‍ എണ്ണ റഷ്യയില്‍ നിന്നും വാങ്ങിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് വരെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യന്‍ ഇറക്കുമതി. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുകള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ റഷ്യയുടെ എണ്ണയും ഗ്യാസും വാങ്ങിക്കുന്നതും കുറച്ചു.

ഈ സാഹചര്യത്തില്‍ ഡിസ്‌കൗണ്ടോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ എണ്ണ നല്‍കി തുടങ്ങിയത്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്ക് യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നതിന് ഇന്ത്യ പിന്തുണ നല്‍കുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്.

ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ റഷ്യയ്ക്ക് മേലുള്ള ഉപരോധം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവയും നീക്കം ചെയ്യണം. എന്നാല്‍ ഇത് ഡിസ്‌കൗണ്ടുകളോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കാനുള്ള ഇന്ത്യയുടെ അവസരത്തെ നഷ്ടപ്പെടുത്തും.

Also Read: Alaska Summit: അലാസ്‌ക ഉച്ചകോടിയില്‍ ധാരണയായില്ല, ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ചയില്‍ പുരോഗതി

ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് ഗള്‍ഫ്, ആഫ്രിക്കന്‍, അമേരിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കേണ്ടി വരും. ഇവിടങ്ങളില്‍ ഇറക്കുമതി ചെലവ് ഇനിയും വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് ഇന്ധനവില, ചരക്കുകൂലി, ഗതാഗതചെലവ്, അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ വര്‍ധിക്കും.