Anna University Assault Case: അണ്ണാ സര്‍വകലാശാലാ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും
Gnanasekaran Sentenced to Life Imprisonment in Anna University Case: കഴിഞ്ഞ വർഷം ഡിസംബർ 23 ന് രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു പോകുന്ന വഴി ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്.

ചെന്നൈ: തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല ക്യാംപിസിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും. പ്രതി ജ്ഞാനശേഖരന് (37) ആണ് വനിതാ കോടതി ശിക്ഷ വിധിച്ചത്. ഇയാൾ സർവകലാശാലയുടെ സമീപം ബിരിയാണി കച്ചവടം നടത്തിവരുകയായിരുന്നു.
ഇയാൾക്കെതിരെ 11 കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായും, പ്രതി ചുരുങ്ങിയത് 30 കൊല്ലം തടവ് അനുഭവിക്കണമെന്ന് ജഡ്ജി എം. രാജലക്ഷ്മി വിധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 23 ന് രാത്രി നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു പോകുന്ന വഴി വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് ഇയാൾ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
Also Read:ബലാത്സംഗ പ്രതിയെ വനിതാ എസ്ഐ വെടിവെച്ചിട്ടു : സംഭവം യുപിയിൽ
പരാതി നൽകിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതിലെല്ലാം ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.
പ്രതി ഡിഎംകെ യുവജന വിഭാഗം പ്രവർത്തകനാണെന്നും ചില നേതാക്കൾ പ്രതി രക്ഷപ്പെടാൻ സഹായിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം പ്രായമായ അമ്മയും എട്ടുവയസ്സുകാരിയായ മകളും ഉണ്ടെന്നും ഇവരെ സംരക്ഷിക്കാൻ ശിക്ഷയില്‍ ഇളവുനല്‍കണമെന്നും ജ്ഞാനശേഖരന്‍ അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചു.