Drone: കശ്മീരില്‍ വീണ്ടും ഡ്രോണ്‍, ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ
Suspected Pak drones spotted: നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പൂഞ്ചിലെ ദേഗ്‌വാർ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം വെടിയുതിർത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പൂഞ്ചിലെ ദേഗ്‌വാർ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം വെടിയുതിർത്തു. പാകിസ്ഥാനില്‍ നിന്ന് എത്തിയ ഡ്രോണുകളാണ് എന്ന് സംശയിക്കുന്നു. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ ഡ്രോണുകള്‍ കണ്ടെത്തുന്നത്.
ജനുവരി 11 നും 15 നും ഇടയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുറഞ്ഞത് 15 ഡ്രോണുകളെങ്കിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ ദിഗ്‌വാർ മേഖലയിലും സാംബയിലെ രാംഗഡ് മേഖലയിലെ അതിർത്തിയിലുമാണ് ഒടുവില്‍ ഡ്രോണുകള്‍ കണ്ടെത്തിയത്.
പൂഞ്ചിൽ ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാ സൈന്യം ജാഗ്രതയിലാണ്. ജനുവരി 11, 13 തീയതികളിൽ സാംബ, മെന്ദാർ മേഖലകളിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അടുത്തിടെ കുറഞ്ഞത് 15 ഡ്രോണുകളെങ്കിലും സൈന്യം കണ്ടെത്തുകയോ തടയുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം അടുത്തുവരുന്നതിനാല്‍ സൈന്യം ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയാൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.
Also Read: വീണ്ടും ജമ്മു കശ്മീരിന് മുകളില്‍ ഡ്രോണുകള്‍, ജാഗ്രതയോടെ സൈന്യം
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി ഇന്ത്യൻ സൈന്യം പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ)യെ അറിയിച്ചതായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.
ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം (യുഎഎസ്) ഉപയോഗിച്ച് നടപടികൾ സ്വീകരിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.