AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: അമൃത് ഭാരതില്‍ താംബരത്തേക്ക് എത്താം; സര്‍വീസുള്ളത് ഈ ദിവസങ്ങളില്‍

New Amrit Bharat Express Trains Kolkata To Chennai: രാജ്യത്തെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ടാണ് അമൃത് ഭാരത് എക്സ്പ്രസ് എത്തുന്നത്. അമൃത് ഭാരതിന്റെ റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ പ്രഖ്യാപനം നടത്തി. കാമാഖ്യ മുതല്‍ റോഹ്തക് വരെയും ദിബ്രുഗഡ് മുതല്‍ ലഖ്നൗവിലെ ഗോമതി നഗര്‍ വരെയും ഇതില്‍ ഉള്‍പ്പെടുന്നു.

Amrit Bharat Express: അമൃത് ഭാരതില്‍ താംബരത്തേക്ക് എത്താം; സര്‍വീസുള്ളത് ഈ ദിവസങ്ങളില്‍
അമൃത് ഭാരത് എക്‌സ്പ്രസ Image Credit source: PTI
Shiji M K
Shiji M K | Updated On: 16 Jan 2026 | 08:12 AM

യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഒട്ടേറെ തീരുമാനങ്ങളാണ് അടുത്തിടെയായി ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ച് വരുന്നത്. വേഗതയേറിയതും മെച്ചപ്പെട്ട സൗകര്യങ്ങളോടും കൂടിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് പുതുതായി റെയില്‍വേ രംഗത്തിറക്കാന്‍ പോകുന്നത്. മെച്ചപ്പെട്ട ഇരിപ്പിടങ്ങള്‍, വൃത്തിയുള്ള ടോയ്ലറ്റുകള്‍ തുടങ്ങി സവിശേഷതകള്‍ ഏറെയാണ് ഈ ട്രെയിനിന്. വൃത്തിയും മികവാര്‍ന്ന സീറ്റും മാത്രം പോരല്ലോ? സുരക്ഷാ ക്രമീകരണങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടേ? അക്കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും റെയില്‍വേ വരുത്തിയിട്ടില്ല.

രാജ്യത്തെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ടാണ് അമൃത് ഭാരത് എക്സ്പ്രസ് എത്തുന്നത്. അമൃത് ഭാരതിന്റെ റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ പ്രഖ്യാപനം നടത്തി. കാമാഖ്യ മുതല്‍ റോഹ്തക് വരെയും ദിബ്രുഗഡ് മുതല്‍ ലഖ്നൗവിലെ ഗോമതി നഗര്‍ വരെയും ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അമൃത് ഭാരത് സന്തോഷം ചൊരിയും. രാജ്യത്ത് സര്‍വീസ് നടത്താന്‍ പോകുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ടുകള്‍ ആദ്യം പരിശോധിക്കാം.

ഗുവാഹത്തി-റോഹ്തക്

ഗുവാഹത്തി മുതല്‍ റോഹ്തക് വരെ അമൃത് ഭാരത് എക്സ്പ്രസ് ആണ് ആദ്യത്തേത്. ട്രെയിന്‍ നമ്പര്‍ 15671 വെള്ളിയാഴ്ച രാത്രി 10 ന് കാമാഖ്യയില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ന് റോഹ്തക്കില്‍ എത്തും. 15672 നമ്പര്‍ ട്രെയിന്‍ ഞായറാഴ്ച രാത്രി 10.10 ന് റോഹ്തക്കില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ന് കാമാഖ്യയില്‍ എത്തിച്ചേരുന്നതാണ്.

ദിബ്രുഗഡ്-ലഖ്നൗ

ദിബ്രുഗഡ് മുതല്‍ ലഖ്നൗ ഗോമതി നഗര്‍ വരെ സര്‍വീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് ആണ് മറ്റൊന്ന്. ട്രെയിന്‍ നമ്പര്‍ 15949 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ദിബ്രുഗഡില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ഗോമതി നഗറില്‍ എത്തും. 15950 നമ്പര്‍ ട്രെയിനിന്റെ മടക്കയാത്ര ഞായറാഴ്ച വൈകുന്നേരം 6.40 ന് ഗോമതി നഗറില്‍ നിന്ന് ആരംഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 നാണ് ദിബ്രുഗഡില്‍ എത്തിച്ചേരുന്നത്.

ജല്‍പായ്ഗുരി – നാഗര്‍കോവില്‍

ജല്‍പായ്ഗുരി – നാഗര്‍കോവില്‍ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 20604 എല്ലാ ഞായറാഴ്ചയും രാത്രി 11 മണിക്ക് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലര്‍ച്ചെ 5 മണിക്ക് ന്യൂ ജല്‍പൈഗുരിയില്‍ എത്തും. മടക്കയാത്രയില്‍ 20603 നമ്പര്‍ ട്രെയിന്‍ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4.45 ന് ന്യൂ ജല്‍പൈഗുരിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11 മണിക്ക് നാഗര്‍കോവിലില്‍ എത്തും.

ന്യൂ ജല്‍പായ്ഗുരി-തിരുച്ചിറപ്പള്ളി

ന്യൂ ജല്‍പായ്ഗുരി മുതല്‍ തിരുച്ചിറപ്പള്ളി വരെ പോകുന്നതാണ് മറ്റൊരു അമൃത് ഭാരത് എക്സ്പ്രസ്. 20601 എന്ന നമ്പര്‍ ട്രെയിന്‍ എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 5.45 ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലര്‍ച്ചെ 5 മണിക്ക് ന്യൂ ജല്‍പായ്ഗുരിയില്‍ എത്തും. 20609 എന്ന നമ്പര്‍ ട്രെയിന്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 4.45 ന് ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകുന്നേരം 4.15 ന് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരും.

അലിപുര്‍ദുവാര്‍ – എസ്എംവിടി ബെംഗളൂരു

അലിപുര്‍ദുവാര്‍ – എസ്എംവിടി ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് 16597 നമ്പര്‍ ട്രെയിന്‍ എല്ലാ ശനിയാഴ്ചയും രാവിലെ 8.50 നാണ് ബെംഗളൂരുവിലെ എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്നത്. മൂന്നാം ദിവസം രാവിലെ 10.25 ന് അലിപുര്‍ദുവാറില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ 16598 നമ്പര്‍ ട്രെയിന്‍ എല്ലാ തിങ്കളാഴ്ചയും രാത്രി 10.25 ന് അലിപുര്‍ദുവാറില്‍ നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലര്‍ച്ചെ 3 ന് ബെംഗളൂരുവിലെ എസ്എംവിടിയില്‍ എത്തും.

Also Read: Amrit Bharat Express: ചെന്നൈ യാത്ര എന്തെളുപ്പം; മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകള്‍ നിരനിരയായി എത്തുന്നു

അലിപുര്‍ദുവാര്‍ – മുംബൈ പന്‍വേല്‍

അലിപുര്‍ദുവാര്‍ – മുംബൈ പന്‍വേല്‍ അമൃത് ഭാരത് എക്സ്പ്രസ് 11031 നമ്പര്‍ ട്രെയിന്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 11.50 ന് പന്‍വേലില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.50 ന് അലിപുര്‍ദുവാറില്‍ എത്തും. 11032 നമ്പര്‍ ട്രെയിന്‍ എല്ലാ വ്യാഴാഴ്ചയും പുലര്‍ച്ചെ 4.45 ന് അലിപുര്‍ദുവാറില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലര്‍ച്ചെ 5.30 ന് പന്‍വേലില്‍ എത്തും.

കൊല്‍ക്കത്ത സന്ത്രഗാച്ചി- താംബരം

കൊല്‍ക്കത്ത സന്ത്രഗാച്ചി മുതല്‍ താംബരം വരെ പോകുന്ന അമൃത് ഭാരത് എക്സ്പ്രസ് 16107 നമ്പര്‍ ട്രെയിന്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3.30 ന് താംബരത്ത് നിന്ന് പുറപ്പെടും, അടുത്ത ദിവസം രാത്രി 8.15 നാണ് സന്ത്രഗച്ചിയില്‍ എത്തിച്ചേരുന്നത്. 16108 നമ്പര്‍ ട്രെയിന്‍ എല്ലാ ശനിയാഴ്ചയും രാത്രി 11.55 ന് സന്ത്രഗച്ചിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 10 ന് താംബരത്ത് എത്തും.

കൊല്‍ക്കത്ത ഹൗറ-ആനന്ദ് വിഹാര്‍

കൊല്‍ക്കത്ത ഹൗറ മുതല്‍ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വരെയുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 13065 എല്ലാ വ്യാഴാഴ്ചയും രാത്രി 11.10 ന് ഹൗറയില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലര്‍ച്ചെ 2.50 ന് ആനന്ദ് വിഹാറില്‍ എത്തിച്ചേരും. 13066 നമ്പര്‍ ട്രെയിന്‍ എല്ലാ ശനിയാഴ്ചയും പുലര്‍ച്ചെ 5.15 ന് ആനന്ദ് വിഹാറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.50 ന് ഹൗറയില്‍ എത്തുന്നതാണ്.

കൊല്‍ക്കത്ത സീല്‍ഡ-ബനാറസ്

കൊല്‍ക്കത്ത സീല്‍ഡ മുതല്‍ ബനാറസ് വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 22588 അമൃത് ഭാരത് എക്സ്പ്രസ് എല്ലാ ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാത്രി 10.10 ന് ബനാറസില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.55 ന് സീല്‍ഡയില്‍ എത്തിച്ചേരും. 22587 നമ്പര്‍ ട്രെയിന്‍ എല്ലാ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7.30 ന് സീല്‍ഡയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ബനാറസില്‍ എത്തും.