Delhi Metro: മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഡല്‍ഹി മലയാളികള്‍ക്ക് ഉടന്‍ വീട്ടിലെത്താം; ഡിഎംആര്‍എസിയുടെ വമ്പന്‍ പദ്ധതി വരുന്നു
Delhi Metro DMRC last mile connectivity: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബൈക്ക് ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവ ഈ മാസാവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് മെട്രോ യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദമാകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തിരക്കേറിയ 10 മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബൈക്ക് ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവ ഈ മാസാവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലുള്ള മലയാളികള്‍ക്കടക്കം ഇത് ഏറെ ഉപകാരപ്രദമാകും.
ഇതുവഴി യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നു വളരെ പെട്ടെന്ന് വീട്ടിലേക്കും മറ്റും എത്താനാകും. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇനി അലയേണ്ടി വരില്ല. ലജ്പത് നഗർ, രാജീവ് ചൗക്ക്, ന്യൂഡൽഹി, നെഹ്‌റു പ്ലേസ്, മില്ലേനിയം സിറ്റി സെന്റർ തുടങ്ങിയ പ്രധാന മാർക്കറ്റ് ഹബ്ബുകൾക്ക് സമീപമുള്ള സ്റ്റേഷനുകളിലാണ് സേവനം നടപ്പിലാക്കുന്നതെന്നാണ് സൂചന.
പരിഗണനയിലുള്ള മെട്രോ സ്റ്റേഷനുകൾ
- ന്യൂഡൽഹി മെട്രോ സ്റ്റേഷൻ
- മില്ലേനിയം സിറ്റി സെന്റർ (ഗുരുഗ്രാം)
- ലാജ്പത് നഗർ
- ഹൗസ് ഖാസ്
- രാജീവ് ചൗക്ക്
- കശ്മീരി ഗേറ്റ്
- ബൊട്ടാണിക്കൽ ഗാർഡൻ
- വൈശാലി
- സിക്കന്ദർപൂർ
- നെഹ്‌റു പ്ലേസ്
എന്നീ സ്റ്റേഷനുകളിലാകും പദ്ധതി നടപ്പിലാക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും പട്ടിക ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നാണ് ഡിഎംആര്‍സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ‘ഭാരത് ടാക്സി’ എന്ന മൊബിലിറ്റി പ്ലാറ്റ്‌ഫോം നടത്തുന്ന മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയായ സഹ്കർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡുമായി (എസ്‌ടിസിഎൽ) ധാരണാപത്രം ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്.
ഇതുപ്രകാരം തിരഞ്ഞെടുത്ത് സ്റ്റേഷനുകളില്‍ സഹ്കർ ടാക്സി ബൈക്ക് ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബുകൾ എന്നിവ സർവീസ് നടത്തും. പ്രാരംഭ പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മില്ലേനിയം സിറ്റി സെന്റർ, ബൊട്ടാണിക്കൽ ഗാർഡൻ എന്നീ രണ്ട് മെട്രോ സ്റ്റേഷനുകളിൽ ബൈക്ക് ടാക്സി സേവനങ്ങൾ ആരംഭിക്കും.
തുടര്‍ന്ന് യാത്രക്കാരുടെ പ്രതികരണവും മറ്റും വിലയിരുത്തിയതിന് ശേഷം വിപുലീകരിക്കാനാണ് നീക്കം. ഡിഎംആർസിയിലെ കോർപ്പറേഷൻ കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനുജ് ദയാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിഎംആർസിയുടെ സാർത്തി ആപ്പുമായി ബന്ധപ്പെടുത്തിയാകും ഈ പദ്ധതിയുടെ പ്രവര്‍ത്തനം. നിലവില്‍ മറ്റ് ക്രമീകരണങ്ങളിലൂടെ വിവിധ സ്റ്റേഷനുകളില്‍ ഇത്തരം സേവനങ്ങള്‍ (ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി) നല്‍കുന്നുണ്ട്. ഇതിൽ 44 സ്റ്റേഷനുകളിലെ ഇ-ഓട്ടോ സർവീസുകളും ഉൾപ്പെടുന്നു. ഡൽഹി മെട്രോ ഇതുവരെ ആകെ 1,445 ഇ-ഓട്ടോകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.