Arunachal Pradesh: അരുണാചൽ ചൈനയുടെ ഭാഗം; ഇന്ത്യൻ യുവതിയെ തടഞ്ഞുവെച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രാജ്യം
Arunachal Woman detained at Shanghai airport: അരുണാചൽ പ്രദേശിൽ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്നും അതിനാൽ പാസ്പോർട്ട് അസാധുവാണെന്നും പറഞ്ഞാണ് യുവതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനോ അനുവദിച്ചില്ല.

പെം തോങ്ഡോക്ക്
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഷാങ്ഹായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് യുവതിക്കാവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വനിതയായ പെം തോങ്ഡോക്കിനാണ് ദുരനുഭവം ഉണ്ടായത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാങ്ഹായിയിൽ ഇറങ്ങിയത്. എന്നാൽ അരുണാചൽ പ്രദേശിൽ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്നും അതിനാൽ പാസ്പോർട്ട് അസാധുവാണെന്നും പറഞ്ഞാണ് യുവതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ചൈനീസ് ഉദ്യാഗസ്ഥർ അപമാനിച്ചതായാണ് സാമൂഹിക മാധ്യമത്തിലൂടെ യുവതി വെളിപ്പെടുത്തുകയായിരുന്നു. ഇമിഗ്രേഷന്‍ കഴിഞ്ഞ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സെക്യൂരിറ്റിയില്‍ കാത്തിരിക്കുകയായിരുന്നു. പാസ്‌പോർട്ട് പരിശോധിച്ചപ്പോള്‍ ജന്മസ്ഥലം അരുണാചൽ പ്രദേശ് എന്നായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ അത് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥർ പറയുകയായിരുന്നു. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും അതിനാൽ ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. 18 മണിക്കൂറാണ് തടങ്കലിലാക്കിയത്.
കൃത്യമായ ഭക്ഷണം നൽകിയില്ല. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനോ അനുവദിച്ചില്ല. ചൈന ഈസ്റ്റേൺ എയർലൈൻസിൽ തന്നെ ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് പെം മോചിതയായത്.