Cyclone Senyar: കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെടുന്നു… ഇനി വരുന്നത് ‘സെൻയാർ’ ചുഴലിക്കാറ്റ്
Low-Pressure at Bay of Bengal, Likely to Turn Into Cyclone Senyar: ഇന്നും നാളെയും ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിലെ തീരദേശം, യാനം, മാഹി എന്നിവിടങ്ങളിലാണ് പ്രധാനമായും സാധ്യത. മഴ സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ ഇത് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. മലേഷ്യയിലെ മലാക്കാ കടലിടുക്കിൻ്റെ മധ്യഭാഗത്തായി രൂപംകൊണ്ട അപ്പർ എയർ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായാണ് കഴിഞ്ഞ ദിവസം രാവിലെ മലാക്കാ കടലിടുക്കിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടത്.
ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തുകയും ശക്തിപ്രാപിക്കുകയും ചെയ്യാൻ ശക്തിപ്പെടാൻ സാധ്യതയുണ്ട് എന്നാണ് വിവരം. തുടർന്ന്, അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് കൂടുതൽ ശക്തിപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പുണ്ട്. നാളെയോടെ കോമോറിൻ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്ക എന്നിവിടങ്ങളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
പുതിയ ചുഴലിക്കാറ്റിന് പേര് ‘സെൻയാർ’
ഈ ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്പെട്ടാൽ അതിന് ‘സെൻയാർ’ (Senyar) എന്ന് പേരിടും. അറബിയിൽ “സിംഹം” എന്നാണ് ഈ വാക്കിനർത്ഥം. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്കായി പേരുകൾ നൽകുന്ന രാജ്യങ്ങളുടെ പട്ടിക പ്രകാരം യുഎഇ ആണ് ഈ പേര് നൽകിയിട്ടുള്ളത്. ഒരു ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ മാത്രമേ ഔദ്യോഗികമായി പേര് നൽകുകയുള്ളൂ. നിലവിലെ പട്ടികയിലെ അടുത്ത പേരാണ് ‘സെൻയാർ’.
ALSO READ: ഇടിമിന്നലോട്കൂടിയ അതിശക്തമായ മഴ വരുന്നു..! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
മുന്നറിയിപ്പുകൾ
- ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നവംബർ 25 വരെ മീൻപിടിക്കാൻ പോകരുത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ മുന്നറിയിപ്പ് നവംബർ 28 വരെ നീട്ടിയിട്ടുണ്ട്.
- ഈ ദ്വീപുകളിൽ ശക്തമായ സ്വാധീനം പ്രതീക്ഷിക്കുന്നു. നവംബർ 24, 25 തീയതികളിൽ നിക്കോബാർ മേഖലയിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
- ഈ വാരാന്ത്യത്തിൽ മണിക്കൂറിൽ 35–45 കി.മീ, ചിലപ്പോൾ 55 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. നവംബർ 25-ന് കാറ്റിന്റെ വേഗത 65 കി.മീ വരെ കൂടാം.
- നവംബർ 23 മുതൽ 28 വരെ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ലക്ഷദ്വീപ്, ആന്ധ്രാപ്രദേശിലെ തീരദേശം, യാനം, മാഹി എന്നിവിടങ്ങളിലാണ് പ്രധാനമായും സാധ്യത. മഴ സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.