Ayodhya Ram Mandir Donation Scam: അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പ്; എട്ട് പേർക്കെതിരേ എഫ്ഐആർ
UP Police Files FIR on Ayodhya Ram Temple Donation Scam: പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, എല്ലാം കണ്ട് നിന്ന ശേഷം ഉള്ള നടപടിയെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു.
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ കേസെടുത്ത് യു.പി പോലീസ്. എട്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളായ ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തതായും പോലീസ് അധികൃതർ അറിയിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് വിവരം. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം, ബിഎൻഎസ് സെക്ഷൻ 306, 316(5), 317(4), 317(5), 61, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.അറസ്റ്റിലായ ടിന്നു യാദവിന്റെ കൈയിൽ നിന്നും ഭണ്ഡാര താക്കോലുകൾ കണ്ടെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
വിമർശനങ്ങൾക്ക് പിന്നാലെ അറസ്റ്റ്
പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, എല്ലാം കണ്ട് നിന്ന ശേഷം ഉള്ള നടപടിയെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ALSO READ: അവളെ തൂക്കിക്കൊന്നേക്കൂ…പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയയുടെ അമ്മ
റിപ്പോർട്ട് തേടി പ്രധാനമന്ത്രി
സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. അതേസമയം, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും അന്വേഷണ ഏജന്‍സിയുടെ റഡാറിലാണ്.
ആർ.എസ്.എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇവരുടെ മേൽനോട്ടത്തിലാണ് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും. എന്നാൽ സംഭാവനകളിൽ വലിയ തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും പകരം ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകുകയുമായിരുന്നു.
അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പ്
ക്ഷേത്ര ഫണ്ടിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഗുരുതര കണ്ടെത്തലുകളാണ് എസ്ഐടി റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. സംഭാവന പണം എണ്ണിത്തിട്ടപ്പെടുത്തുന്നവരുടേയും ഇതിന് മേൽനോട്ടം വഹിക്കുന്നവരുടേയും ബാങ്ക് ഇടപാടുകൾ നടത്തുന്നവരുടേയും സിസിടിവി ചുമതലയുള്ളവരുടേയും വിവരങ്ങൾ എസ്ഐടി റിപ്പോർട്ടിലുണ്ട്.
അതേസമയം, തട്ടിപ്പില്‍ പരാതി ഉന്നയിച്ചവരുടെയും വ്യവസായികളുടെയും മൊഴിയെടുക്കാനാണ് എസ്ഐടി നീക്കം. തട്ടിപ്പില്‍ നഷ്ടപ്പെട്ട 60 കിലോ വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇന്ത്യന്‍ ബുള്യന്‍ ആന്‍റ് ജുവലേഴ്സ് അസോസിയേഷനാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 60 കിലോ വെള്ളിക്കട്ടി നല്‍കിയത്. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയും സമര്‍പ്പിച്ചിരുന്നു.
English Summary:
UP Police has registered a case in the Ayodhya Ram temple donation scam. An FIR has been registered against eight people. On the instructions of the Uttar Pradesh government, the FIR has been registered under sections 306, 316(5), 317(4), 317(5), 61 and 3(5) of the IPC.