Hibi Eden Home Attack: ഹൈബി ഈഡൻ്റെ വീട്ടിലെത്തി കൊലവിളി; വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
Hibi Eden Home Attack Youth Arrested: തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് അറസ്റ്റിലായത്. കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. താൻ എംപിയുടെ വസതിയിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻ പോവുകയാണെന്നും പ്രതി അക്രമശേഷം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും ചെയ്തു.
കൊച്ചി: കോൺഗ്രസ് എംപി ഹൈബി ഈഡൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്നു സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. താൻ എംപിയുടെ വസതിയിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻ പോവുകയാണെന്നും പ്രതി അക്രമശേഷം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും ചെയ്തു.
എന്നാൽ, രാവിലെ എംപിയുടെ ഭാര്യ അന്ന ലിൻഡ കൺട്രോൾ റൂമിൽ വിളിച്ചു പരാതി അറിയിച്ച ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണവും ഉയരുന്നുണ്ട്. സംഭവസ്ഥലം പാലാരിവട്ടം പോലീസിന്റെ പരിധിയിലായതിനാൽ നോർത്ത് പോലീസ് സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസ് പാലാരിവട്ടത്തേക്ക് കൈമാറിയിരിക്കുകയാണ്. പരാതിയെ തുടർന്ന് പാലാരിവട്ടം പോലീസ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ALSO READ: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്സാപ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫോണിലേക്ക് നേരിട്ട് വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ പുലർച്ചെ മൂന്ന് മണിയോടെ എന്തോ എറിഞ്ഞ് പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൈബിയും ഭാര്യയും ഉണർന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല. വീടിന് പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ജനലിലൂടെ നോക്കിയപ്പോൾ ഒരു കാർ വേഗത്തിൽ റിവേഴ്സ് എടുത്തു പോകുന്നതു കണ്ടിരുന്നതായി ഹൈബി പറഞ്ഞു.
രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികൾ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകർത്തിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികൾക്ക് ഇടയിൽനിന്ന് മുന്നിലെ സിസിടിവി ക്യാമറയിൽ മുഖം പതിയുന്ന വിധത്തിൽ സെൽഫി വീഡിയോയും പ്രതി എടുത്തിരുന്നു. ഈ ദൃശ്യങ്ങളും അക്രമവിവരവും പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുന്നതിന്റെ ഫോൺ റെക്കോർഡിങ്ങും എംപിക്കും ഭാര്യയ്ക്കും വാട്സാപ്പിൽ ഇയാൾ അയച്ചു നൽകുകയും ചെയ്തു. എംപിയുടെ വീട് താൻ തല്ലിത്തകർത്തതായും എംപിയുടെ കാർ ഉടൻ കത്തിക്കുമെന്നും ഉള്ള ഭീഷണിയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച പ്രതി അറിയിച്ചത്.
ഹൈബി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ ആദ്ദേഹത്തിൻ്റെ സഹപാഠിയാണ് അലക്സ്. വീടിന്റെ ജപ്തി നടപടികൾ എംപി ഇടപെട്ട് തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാൽ, ബാങ്ക് നടപടികളിൽ ഇടപെടാനുള്ള പരിമിതികൾ എംപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തന്നെ പ്രതി അസമയത്ത് വിളിച്ചു പലപ്പോഴും വർഗീയച്ചുവയുള്ള കാര്യങ്ങൾ പറഞ്ഞു ശല്യം ചെയ്യുന്നതു പതിവായിരുന്നുവെന്നും ഹൈബി ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Kochi Police arrest an aggressive youth who targeted the home of MP Hibi Eden with violent threats. He Is Tripunithura Native.