Bangalore kerala bus fare: ക്രിസ്മസ് ആഘോഷത്തിനെത്തുന്ന മലയാളികൾ ഈ കടമ്പയും കടക്കണം! നിരക്ക് കുത്തനെ കൂട്ടി സ്വകാര്യ ബസ്സുകൾ
Bangalore kerala bus fare: ഓണം ആയാലും വിഷു ആയാലും ഏത് നാട്ടിൽ നിന്നാലും അവർക്ക് സമാധാനം കിട്ടില്ല. സ്വന്തം വീട്ടിലെത്തിയെങ്കിലേ സമാധാനം ഉണ്ടാകൂ. എന്നാൽ ഇത്തവണ ക്രിസ്മസിന് വീട്ടിലെത്താൻ ആഗ്രഹിക്കുന്നവരുടെ കീശ കീറും....
ആഘോഷവേളകളിൽ സ്വന്തം നാട്ടിലെത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. മലയാളികൾ പ്രത്യേകിച്ച് ക്രിസ്മസ് ആയാലും ഓണം ആയാലും വിഷു ആയാലും ഏത് നാട്ടിൽ നിന്നാലും അവർക്ക് സമാധാനം കിട്ടില്ല. സ്വന്തം വീട്ടിലെത്തിയെങ്കിലേ സമാധാനം ഉണ്ടാകൂ. എന്നാൽ ഇത്തവണ ക്രിസ്മസിന് വീട്ടിലെത്താൻ ആഗ്രഹിക്കുന്നവരുടെ കീശ കീറും. ഇൻഡിഗോ ഫ്ലൈറ്റ് റദ്ദാക്കൽ തുടരുന്നതിനിടെ അവസരം മുതലെടുത്ത് നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസ്സുകൾ.
ബംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നത് പതിവായതും ക്രിസ്മസ് പുതുവത്സര അവധിയും കണക്കിലെടുത്താണ് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സ്വകാര്യ ബസുകൾ ഉയർത്തിയത്. ട്രെയിനുകളിൽ വരാമെന്ന് കരുതിയാൽ അത് ഇതിനോടകം തന്നെ മിക്ക സീറ്റുകളും വെയിറ്റിംഗ് ലിസ്റ്റിൽ ആണ്. ഇതിനോടൊപ്പം വിമാനം റദ്ദാക്കൽ കൂടി വന്നതോടെ ഒട്ടേറെ മലയാളികൾ സ്വകാര്യ ബസുകളെയാണ് നാട്ടിലെത്താനായി ആശ്രയിക്കുന്നത്.
കേരള കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യം മുതലെടുത്താണ് ബസുകൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് ഗോവ ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് ഉയർത്തി. ക്രിസ്മസ് ന്യൂ ഇയർ കണക്കിലെടുത്ത് പല ആളുകളും വീട്ടിലേക്ക് എത്താൻ തിരക്ക് കൂട്ടുന്ന തീയതികളാണ് ഡിസംബർ 23, 24.
യാത്ര തിരക്കേറിയ ഈ തീയതികളിൽ കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7000 മുതൽ 8500 രൂപ വരെയാണ്. സാധാരണ ദിവസങ്ങളിൽ 3500 മുതൽ 5000 രൂപയുള്ള സ്ഥാനത്താണ് അവധിയിലുള്ള തിരക്ക് കണക്കിലെടുത്ത് നിരക്ക് ഇത്തരത്തിൽ വർദ്ധിപ്പിച്ചത്. 23ന് ആകാശ എയറിൽ 8156 രൂപയും ഇൻഡിഗോയിൽ 7100 രൂപയും എയർ ഇന്ത്യ എക്സ്പ്രസിൽ 8409 രൂപയുമാണ് നിരക്ക്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാൽ നിരക്ക് കൂടാനാണ് സാധ്യത. എറണാകുളത്തേക്ക് 2000 രൂപ വരെയാണ് സ്വകാര്യ ബസിന്റെ നിരക്ക്. ഇത് പതിവ് നിരക്കിനേക്കാൾ 200 300 രൂപ കൂടുതലാണ്.