ഡേ കെയർ കുട്ടികൾ നേരിട്ടത് ബ്രിട്ടീഷുകാർ തോൽക്കുന്ന പീഡനം; ആയമാർ അറസ്റ്റിൽ
Bengaluru Day Care Horror: കാപ്ജെമനി ഐ.ടി കമ്പനി ക്യാംപസിലെ ഡേ കെയറില്‍ പിഞ്ചുകുട്ടികൾ ആയമാരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയും മറ്റൊരു ആയയുമാണ് അറസ്റ്റിലായത്. ആകെ അഞ്ച് ആയമാരാണ് സംഭവത്തിൽ പ്രതികളാക്കപ്പെട്ടിരിക്കുന്നത്. സിന്ധു, ബിന്ദു, ഭവാനി, മഞ്ജുള, വിജയലക്ഷ്മി എന്നിങ്ങനെയാണ് ഇവരുടെ പേര്.

Bengaluru Day Care Horror
ബംഗളുരു: കാപ്ജെമനി ഐ.ടി കമ്പനി ക്യാംപസിലെ ഡേ കെയറില്‍ പിഞ്ചുകുട്ടികൾ ആയമാരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയും മറ്റൊരു ആയയുമാണ് അറസ്റ്റിലായത്. ആകെ അഞ്ച് ആയമാരാണ് സംഭവത്തിൽ പ്രതികളാക്കപ്പെട്ടിരിക്കുന്നത്. സിന്ധു, ബിന്ദു, ഭവാനി, മഞ്ജുള, വിജയലക്ഷ്മി എന്നിങ്ങനെയാണ് ഈ ആയമാരുടെ പേര്. ഇനി മൂന്ന് ആയമാർ കൂടി സംഭവത്തിൽ പിടിയിലാകാനുണ്ട്, ഒളിവിൽപ്പോയ ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടികൾ കരയുകയോ ബഹളം വയ്ക്കുകയോ ചെയ്താൽ അതിക്രൂരമായ ശിക്ഷാ മുറകളാണ് ജീവനക്കാർ നടപ്പാക്കിയിരുന്നത് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഈ പീഡനദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആയമാരുടേത് ബ്രിട്ടീഷുകാരെ തോൽപ്പിക്കുന്ന പീഡനം
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്കു നേരേ ക്രൂരമായ പീഡനങ്ങൾ നടത്തിയിരുന്നതായി നാം കേട്ടിട്ടുണ്ട്, ഒരുകാലത്ത് പോലീസുകാരും ക്രൂരമായ ലോക്കപ്പ് പീഡനങ്ങൾ നടത്തിയതായി നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവരെയൊക്കെ തോൽപ്പിക്കുന്ന കേട്ടുകേൾവിയില്ലാത്ത ക്രൂര പീഡനമാണ് കേപ്‌ജെമിനി ഐ.ടി. കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർ കുരുന്നുകളോട് നടത്തിയത് എന്നുവേണം പറയാൻ.
ALSO READ: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം
ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളെ വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ഒരിടം എന്ന് കരുതിയ ഡേ കെയർ പക്ഷേ ജയിലുകളെ വെല്ലുന്ന ക്രൂരതകൾ അരങ്ങേറുന്ന ഇടമായിരുന്നു എന്ന് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നതോടെയാണ് പൊതുസമൂഹം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെ ഈ ഡേ കെയറിന് ഇന്നലെ തന്നെ പൂട്ട് വീണിരുന്നു.
വാഷിങ് മെഷീനും ശുചിമുറിയും ‘ഇടിമുറികൾ’
ഡേ കെയറിലെ ആയമാരുടെ പ്രധാന ‘ഇടിമുറികൾ’ അല്ലെങ്കിൽ ശിക്ഷാ കേന്ദ്രം വാഷിങ് മെഷീനും ശുചിമുറിയും ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. വാശി പിടിച്ച് കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷിനകത്ത് ഇരുത്തുക എന്നതാണ് ആയമാരുടെ ഒരു പണിഷ്മെന്റ് വിനോദം.
കുട്ടികളെ യൂറോപ്യൻ ക്ലോസറ്റിൽ ഇരുത്തി വായ്ക്കകത്തേക്ക് ഹാൻഡ് ഷവർ കൊണ്ട് വെള്ളം സ്പ്രേ ചെയ്യുക എന്ന ക്രൂരതയും ഇവിടുത്തെ സ്ഥിരം ശിക്ഷാ രീതിയായിരുന്നു എന്ന് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇവ കൂടാതെ കരയുന്ന കുഞ്ഞുങ്ങളെ ശുചിമുറിക്കുള്ളിൽ അടച്ചിടുക, കരയുമ്പോൾ പുറത്ത് നിന്ന് ശബ്ദമുയർത്തി ഭീഷണിപ്പെടുത്തുക എന്നീ ശിക്ഷാ രീതികളും ഇവിടെ നടന്നിരുന്നു.
രണ്ടും മൂന്നും വയസ് മാത്രമുള്ള കുട്ടികളെ ജീവനക്കാർ, അതും വനിതാ ജീവനക്കാർ ഇത്രയും ക്രൂരമായി കൈകാര്യം ചെയ്തിരുന്നു എന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്. സംഭവം വീഡിയോ വഴി പുറത്തുവന്നതോടെ വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാൻ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പോലീസിന് നിർദേശം നൽകി. ഡേ കെയറുകളുടെ പ്രവർത്തനം പ്രതിദിനാടിസ്ഥാനത്തിൽ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്തയച്ചു.
ജീവനക്കാർക്ക് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഡേ കെയറിനുള്ളിൽ സിസിടിവി ഉണ്ടായിരുന്നിട്ടും ഈ ക്രൂര പീഡനങ്ങൾ അരങ്ങേറി എന്ന നിലയ്ക്കുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നിരവധി ഐടി സ്ഥാപനങ്ങളുള്ള ബംഗളുരുവിൽ അവയോട് അനുബന്ധിച്ച് ധാരാളം ഡേ കെയർ സെന്ററുകളും ഉണ്ട്. ഇപ്പോഴത്തെ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലെല്ലാം കർശന പരിശോധന നടത്താനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
English Summary
Two people have been arrested in connection with the brutal abuse of children by nannies at a day care center on the campus of Capgemini IT company. A nannie named Vijayalakshmi and another nannie have been arrested. A total of five nannies have been named as accused in the incident. Their names are Sindhu, Bindu, Bhavani, Manjula and Vijayalakshmi.