AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru traffic Issue: വീണ്ടും വീണ്ടും ശ്വാസം മുട്ടാൻ വിധി… ബെംഗളൂരുവിൽ 7 മാസത്തിൽ ഇറങ്ങിയത് 4 ലക്ഷം വാഹനങ്ങൾ

Bengaluru faces rising traffic: പുതിയ നാല് ലക്ഷത്തോളം വാഹനങ്ങൾ കൂടി എത്തിയതോടെ ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ ആകെ എണ്ണം 1.09 കോടിയിലെത്തി. നഗരത്തിലെ ജനസംഖ്യ ഏകദേശം ഒന്നര കോടിയിലെത്തിയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Bengaluru traffic Issue: വീണ്ടും വീണ്ടും ശ്വാസം മുട്ടാൻ വിധി… ബെംഗളൂരുവിൽ 7 മാസത്തിൽ ഇറങ്ങിയത് 4 ലക്ഷം വാഹനങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 10 Dec 2025 20:08 PM

ബെംഗളൂരു: ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരം സ്വകാര്യ വാഹനങ്ങളുടെ പെരുപ്പത്താൽ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസത്തെ വാഹന രജിസ്ട്രേഷൻ കണക്കുകൾ നഗരത്തിന്റെ യാത്രാപ്രശ്നം എത്രത്തോളം വഷളായി എന്ന് വ്യക്തമാക്കുന്നു. ഏപ്രിൽ മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ ഏകദേശം നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്.

ഈ ഏഴ് മാസത്തിനിടെ, 3,03,201 ഇരുചക്ര വാഹനങ്ങളും 84,963 കാറുകളും ഉൾപ്പെടെ ആകെ 3,88,164 വാഹനങ്ങളാണ് നഗരത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പുതിയ വാഹനങ്ങളുടെ എണ്ണത്തിൽ 10 ശതമാനത്തോളം വർധനവാണ് ഈ റിപ്പോർട്ട് കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസത്തെ കണക്കുകളും വർധന സൂചിപ്പിക്കുന്നു. ഏപ്രിലിൽ 36,888 ഇരുചക്ര വാഹനങ്ങളും 12,278 കാറുകളും രജിസ്റ്റർ ചെയ്ത സ്ഥാനത്ത്, മേയിൽ 39,086 ഇരുചക്രവാഹനങ്ങളും 11,225 കാറുകളും പുതിയതായി രജിസ്റ്റർ ചെയ്തു. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വാഹന രജിസ്ട്രേഷൻ വലിയ അളവിൽ തുടർന്നു. സെപ്റ്റംബറിൽ 38,990 ഇരുചക്രവാഹനങ്ങളും 9,997 കാറുകളുമാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ, ദീപാവലി ഉത്സവകാലമായിരുന്ന ഒക്ടോബറിലാണ് ഈ ഏഴ് മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഒക്ടോബറിൽ 59,863 ഇരുചക്രവാഹനങ്ങളും 15,953 കാറുകളും നിരത്തിലിറങ്ങി.

​Also read – നമ്മ മെട്രോയിൽ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ആദ്യ ശമ്പളം, ഒഴിവുകൾ ഇങ്ങനെ

പുതിയ നാല് ലക്ഷത്തോളം വാഹനങ്ങൾ കൂടി എത്തിയതോടെ ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ ആകെ എണ്ണം 1.09 കോടിയിലെത്തി. നഗരത്തിലെ ജനസംഖ്യ ഏകദേശം ഒന്നര കോടിയിലെത്തിയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, ജനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം കേവലം 40 ലക്ഷം മാത്രമാണ്. ശരാശരി കണക്കാക്കുമ്പോൾ ബെംഗളൂരുവിലെ ഒരു കുടുംബത്തിന് രണ്ടിൽ കൂടുതൽ സ്വകാര്യ വാഹനങ്ങൾ ഇന്ന് സ്വന്തമായുണ്ട്.

സ്വകാര്യ വാഹനങ്ങളുടെ മാത്രം കണക്കാണിത്. വാണിജ്യ, പൊതുഗതാഗത വാഹനങ്ങൾ കൂടി പരിഗണിക്കുമ്പോൾ നഗരത്തിൽ ആകെ 1.9 കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ആകെ 3.6 കോടി വാഹനങ്ങളുള്ളതിൽ പകുതിയിൽ അധികവും തലസ്ഥാനമായ ബെംഗളൂരുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്നങ്ങളും കൂടുതൽ രൂക്ഷമാകുന്നതിന് കാരണമാവുകയാണ്.