Bengaluru Fake Nandini Ghee Scam: വ്യാജ നന്ദിനി നെയ്യ് തട്ടിപ്പ്; ബെംഗളൂരുവിൽ ദമ്പതിമാർ അറസ്റ്റിൽ
Couple Arrested In Bengaluru Fake Ghee Scam: ബെംഗളൂരുവിലെ വ്യാജ നെയ്യ് തട്ടിപ്പ് കേസിൽ ദമ്പതിമാർ പിടിയിൽ. വ്യാജ നന്ദിനി നെയ്യ് റാക്കറ്റിൻ്റെ സൂത്രധാരികളാണ് പിടിയിലായത്.

വ്യാജ നന്ദിനി നെയ്യ്
ബെംഗളൂരുവിൽ വ്യാജ നന്ദിനി നെയ്യ് തട്ടിപ്പ് സംഘത്തിലെ സൂത്രധാരികളായ ദമ്പതിമാർ പിടിയിൽ. വ്യാജ നന്ദിനി നെയ്യ് റാക്കറ്റിനെ പിടികൂടിയതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തട്ടിപ്പ് സംഘത്തിലെ സൂത്രധാരികൾ പോലീസ് പിടിയിലായത്. ശിവകുമാർ, രമ്യ എന്നീ ദമ്പതിമാർ പിടിയിലായതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരും ഒരു നിർമ്മാണക്കമ്പനി ആരംഭിച്ച് അതിലൂടെ നന്ദിനി നെയ്യ് എന്ന പേരിൽ വ്യാജ നെയ്യ് വില്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. കർണാടക സംസ്ഥാന സർക്കാരിന് കീഴിലുള്ള പാൽ നിർമ്മാണ സഹകരണ സംഘമാണ് നന്ദിനി ബ്രാൻഡിൻ്റെ ഉടമകൾ. സംസ്ഥാനത്ത് ഏറ്റവും പ്രചാരത്തിലുള്ള പാൽ, പാൽ ഉത്പന്ന നിർമ്മാണക്കമ്പനിയാണ് നന്ദിനി. ഈ ബ്രാൻഡിൻ്റെ പേരിൽ വ്യാജ നെയ്യ് വിതരണം ചെയ്തു എന്നാണ് ഇവർക്കെതിരായ കേസ്.
ഇവരുടെ വ്യാജ നിർമ്മാണക്കമ്പനിയിൽ കേന്ദ്ര ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നെയ്യ് നിർമ്മിക്കാനുപയോഗിക്കുന്ന വിവിധ തരം മെഷീനുകൾ കണ്ടെത്തി. അതിനൂതനമായ വാണിജ്യ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാജ നന്ദിനി നെയ്യ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുകയായിരുന്നു ഇവർ. ഈ നിർമ്മാണക്കമ്പനിയിലുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിലുണ്ടായിരുന്ന നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ നന്ദിനി നെയ്യ് മാർക്കറ്റിലുണ്ടെന്ന് മനസ്സിലാവുന്നത് സപ്ലേ പാറ്റേണുകളിൽ സംശയം ഉയർന്നതിനെ തുടർന്നാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ നന്ദിനി നെയ്യ് റാക്കറ്റ് പിടിയിലാവുകയായിരുന്നു. കേന്ദ്ര ക്രൈം ബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘവും വിജിലൻസും ചേർന്നാണ് അന്വേഷണം നടത്തിയത്.
പരിശോധനകൾക്കിടെ 57 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 8136 ലിറ്റർ വ്യാജ നെയ്യും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകളും ഭക്ഷ്യ എണ്ണകളും അഞ്ച് മൊബൈൽ ഫോണുകളും നാല് വാഹനങ്ങളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.