ബെംഗളൂരുവിൽ നഴ്സിന് നേരെ ഭർത്താവിൻ്റെ കൊടും ക്രൂരത; മുഖത്ത് ആസിഡ് ഒഴിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു
Bengaluru Crime: Man Hacks Estranged Wife After Throwing Acid: പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിനിയായ മധുമിതയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബെംഗളൂരുവിലെ ഈ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. രാവിലെ 9.15-ഓടെ പ്രഭാതഭക്ഷണം കഴിക്കാനായി ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് മധുമിതയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്

പ്രതീകാത്മക ചിത്രം
ബെംഗളൂരു: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര ആക്രമണം. 26-കാരിയായ നഴ്സിന് നേരെ നഗരമധ്യത്തിൽ വെച്ച് ഭർത്താവ് ആസിഡ് ഒഴിക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിനിയായ മധുമിതയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബെംഗളൂരുവിലെ ഈ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. രാവിലെ 9.15-ഓടെ പ്രഭാതഭക്ഷണം കഴിക്കാനായി ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് മധുമിതയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഭർത്താവ് വെങ്കിടേഷ് ഒരു ബൈക്കിലെത്തി ക്ലിനിക്കിന് പരിസരത്ത് ഇവർക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Also Read: സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാണാതായ അധ്യാപകനെ കണ്ടെത്താൻ 15 വർഷം പഴക്കമുള്ള കല്ലറകൾ തുറന്നു
2024-ൽ മധുരയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയ മധുമിതയെ വെങ്കിടേഷ് പിന്തുടരുകയായിരുന്നു. ഭർത്താവിനെ കണ്ട് ഭയന്ന യുവതി രക്ഷപ്പെടാനായി സമീപത്തെ സെല്ലാർ പാർക്കിംഗ് ഏരിയയിലേക്ക് ഓടിയെങ്കിലും പ്രതി ഇവരെ പിന്തുടർന്ന് പിടികൂടി മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് നിരവധി തവണ വെട്ടിപ്പരിക്കേൽപ്പിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
പൊതുജനങ്ങളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരമായ ആക്രമണം നടന്നത്. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനാൽ ആർക്കും അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ചിലർ ദൂരെ നിന്ന് പ്രതിക്ക് നേരെ കല്ലെറിഞ്ഞെങ്കിലും അയാളെ കീഴടക്കാൻ സാധിച്ചില്ല. ഈ സമയത്ത് സമീപത്തെ സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സംഭവം കണ്ട് ഓടിയെത്തി. ഇതോടെ പോലീസുകാരന് നേരെയും പ്രതി വെട്ടുകത്തി വീശി. എന്നാൽ അവസരോചിതമായി ഇടപെട്ട ഉദ്യോഗസ്ഥൻ പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു..പ്രതിയായ വെങ്കിടേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
English Summary
A 26-year-old nurse in Bengaluru is in critical condition after her estranged husband attacked her with acid and a machete in broad daylight. A traffic cop intervened and arrested him.